ചണ്ഡീഗഢ്: ഖാലിസ്ഥാന്‍ വക്താവും വാരിസ് ദേ പഞ്ചാബ് തലവനുമായ അമൃത്പാല്‍ സിങ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാള്‍ പഞ്ചാബ് പോലീസിന്റെ വലയിലായത്. നേരത്തെ ഇയാളുടെ ആറ് അനുയായികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അമൃത്സറിലും സമീപ പ്രദേശങ്ങളിലുമായി അമ്പതിലധികം പോലീസ് വാഹനങ്ങളാണ് അമൃത്പാല്‍ സിങിനെ പിന്തുടര്‍ന്നത്. എന്നാല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഒടുവില്‍ നീണ്ട പരിശ്രമത്തിനു ശേഷം നാകോദാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഏഴു ജില്ലകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിന്തുടര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാനം പാലിക്കണമെന്നും വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കരുതെന്നും. പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ട എന്നും പഞ്ചാബ് പോലീസ് അറിയിച്ചു.
അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഞായറാഴ്ച ഉച്ച വരെ നിര്‍ത്തിവെച്ചു.
ഖാലിസ്ഥാന്‍ വാദിയായ ജെര്‍നെയില്‍ സിങ് ഭ്രിന്ദന്‍വാലയുടെ അനുയായിയാണെന്ന് പ്രഖ്യാപിച്ച അമൃത്പാല്‍ സിങ് ഭ്രിന്ദന്‍വാല രണ്ടാമന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. വാരിസ് ദേ പഞ്ചാബ് സ്ഥാപകനായ ദീപ് സിദ്ദുവിന്റെ മരണത്തോടെയാണ് ഇയാള്‍ നേതൃത്വം ഏറ്റെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 23-ന് അമൃത്പാല്‍ സിങിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. നൂറുകണക്കിന് പേരാണ് തോക്കുകളും വാളുകളുമായി ബാരിക്കേഡുകള്‍ തകര്‍ത്ത് സ്റ്റേഷന്‍പരിസരത്തേക്ക് ഇരച്ചെത്തിയത്.