BREAKING NEWSKERALALATEST

ഗവര്‍ണറും ഉദ്യോഗസ്ഥരും പിന്നെ രജിസ്റ്ററും; മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ഇതുമതി

കൊച്ചി: മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കാന്‍ അനിവാര്യമായിട്ടുള്ളത് ഗവര്‍ണറും പ്രതിജ്ഞാ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രം. തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ.മാരുടെ സാന്നിധ്യംപോലും അനിവാര്യമല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിരിക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ച പശ്ചാത്തലത്തിലാണിത്.
ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ് സംസ്ഥാന മന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് വിവരിക്കുന്നത്. മന്ത്രിയുടെ ഉദ്യോഗം സംബന്ധിച്ച പ്രതിജ്ഞയും മന്ത്രിയെന്നനിലയിലുള്ള രഹസ്യ പരിപാലന ശപഥവുമാണ് ഗവര്‍ണറുടെ സാന്നിധ്യത്തില്‍ എടുക്കേണ്ടത്. ഗവര്‍ണറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞചെയ്യുന്ന മന്ത്രിമാര്‍ ഓത്ത് രജിസ്റ്ററില്‍ ഒപ്പിട്ട് സെക്രട്ടേറിയറ്റില്‍ എത്തി ചുമതല ഏറ്റെടുക്കുന്നതോടെ അവസാനിക്കുന്നതാണ് ഈ ചടങ്ങ്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരേ ഇതിന് ആവശ്യമുള്ളൂ. പിന്നെ ആവശ്യമുള്ളത് മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനത്തിലെ ഡ്രൈവര്‍മാരാണ്. ഒരു മന്ത്രിക്ക് സത്യപ്രതിജ്ഞചെയ്യാന്‍ ഏറിയാല്‍ ആവശ്യമുള്ളത് അഞ്ചു മിനിറ്റാണ്. 21 മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞചെയ്യാന്‍ രണ്ടു മണിക്കൂര്‍ സമയംമതി.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ഇത്തവണ അധികാരമേറ്റപ്പോള്‍ ഏതാനുംപേര്‍ മാത്രമാണ് പങ്കെടുത്തത്. സുപ്രീംകോടതിയുടെ 48ാം ചീഫ് ജസ്റ്റിസായി എന്‍.വി. രമണ രാഷ്ട്രപതിഭവനിലെ അശോകാ ഹാളില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റപ്പോള്‍ ഹാളില്‍ സന്നിഹിതരായത് 30ല്‍ താഴെ പേര്‍ മാത്രമാണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button