ന്യൂഡല്‍ഹി: മുഖ്യമന്ത്രി അശോക് ഗഹ്ലോത് വിമതനായി മാറിയതോടെ രാജസ്ഥാനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്ത് തല്‍സ്ഥിതി തുടരാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.
സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തെ ഗഹ്ലോത് പക്ഷക്കാരായ 92 എം.എല്‍.എ.മാര്‍ രാജിക്കത്തുമായി പ്രതിരോധിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കടുത്ത സമ്മര്‍ദത്തിലാക്കി. വിശ്വസ്തനായിരുന്ന ഗഹ്ലോതിനെ അധ്യക്ഷസ്ഥാനത്തേക്കു പിന്തുണയ്ക്കുന്നത് പുനരാലോചിച്ചുവരികയാണ്. ഗഹ്ലോതിന്റെ വിശ്വസ്തരായ സ്പീക്കര്‍ സി.പി. ജോഷി, മന്ത്രി ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരേ അച്ചടക്കലംഘനത്തിന് നോട്ടീസും നല്‍കിയതായി അറിയുന്നു. ഗഹ്ലോത് മത്സരരംഗത്തുനിന്ന് മാറിയാല്‍ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്നിക്, കമല്‍നാഥ്,. കെ.സി. വേണുഗോപാല്‍ എന്നിവരെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഞായറാഴ്ച നടന്ന സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് രേഖാമൂലം സമര്‍പ്പിക്കാന്‍ ജയ്പുരില്‍നിന്ന് മടങ്ങിയെത്തിയ നിരീക്ഷകരായ ഖാര്‍ഗെയോടും അജയ് മാക്കനോടും അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. വൈകാതെ റിപ്പോര്‍ട്ട് കൈമാറുമെന്ന് സോണിയയുമായി തിങ്കളാഴ്ച വൈകീട്ടു നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം അജയ് മാക്കന് പറഞ്ഞു. പ്രശ്നപരിഹാര ചര്‍ച്ചയ്ക്കായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ സോണിയ വിളിച്ചുവരുത്തി. പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലും സോണിയയെ കണ്ടു.
ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വിളിച്ച നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാത്ത ഗഹ്ലോത് അനുകൂലികളായ എം.എല്‍.എ.മാരുടെ നിലപാടിനെ തികഞ്ഞ അച്ചടക്കലംഘനമായാണ് സോണിയ വിലയിരുത്തിയത്. ഗഹ്ലോതിന്റെ അനുയായികളായ മന്ത്രിമാരും എം.എല്‍.എ.മാരും കാണിച്ചത് അച്ചടക്കലംഘനമാണെന്ന് അജയ് മാക്കനും പറഞ്ഞു. ‘ഇവരുടെ പ്രതിനിധികള്‍ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. പാര്‍ട്ടിയധ്യക്ഷനെ തിരഞ്ഞെടുത്തതിനുശേഷം മതി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കല്‍, 2020ലെ പ്രതിസന്ധി സമയത്ത് കൂടെനിന്ന 102 എം.എല്‍.എ.മാരില്‍ നിന്നൊരാളാവണം മുഖ്യമന്ത്രി, എം.എല്‍.എ.മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നതിനുപകരം കൂട്ടമായി കാണണം എന്നിവ. ഇത് സ്ഥാപിത താത്പര്യമാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗസമയം സമാന്തരയോഗം ചേര്‍ന്നത് അച്ചടക്ക ലംഘനമാണ്’ മാക്കന് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കുമെന്ന ഒറ്റവരി പ്രമേയം നിയമസഭാ കക്ഷിയോഗത്തില്‍ പാസാക്കാമെന്ന പ്രതീക്ഷയോടെ ജയ്പുരിലെത്തിയ ഖാര്‍ഗെയും മാക്കനും സാക്ഷ്യംവഹിച്ചത് നാടകീയരംഗങ്ങള്‍ക്കാണ്. യോഗത്തിനായി ഇരുവരും ഗഹ്ലോതിന്റെ വീട്ടിലെത്തിയപ്പോള്‍, അദ്ദേഹത്തിന്റെ അനുകൂലികളായ എം.എല്‍.എ.മാര്‍ മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് എതിര് പ്രമേയം പാസാക്കി. മുഖ്യമന്ത്രിയെ സോണിയ തിരഞ്ഞെടുക്കണമെന്നുള്ള പ്രമേയത്തില്‍, അത് അധ്യക്ഷ തിരഞ്ഞെടുപ്പിനുശേഷം മതിയെന്ന നിബന്ധനയും ചേര്‍ത്തു. ഗഹ്ലോത് അധ്യക്ഷനായാല്‍ തങ്ങള്‍ക്കിഷ്ടമുള്ളയാളെ മുഖ്യമന്ത്രിയാക്കും എന്ന ധ്വനി കൂടിയടങ്ങിയ പ്രമേയത്തെ നേതൃത്വത്തോടുള്ള അവഹേളനമെന്നാണ് അജയ് മാക്കന് വിശേഷിപ്പിച്ചത്.
തങ്ങളുടെ സമ്മതമില്ലാതെ മുഖ്യമന്ത്രിയെ നിശ്ചയിച്ചാല്‍ സര്‍ക്കാര്‍ താഴെവീഴുമെന്ന സൂചന നല്കി സ്പീക്കര്‍ സി.പി. ജോഷിയുടെ വീട്ടിലെത്തി രാജിക്കത്തും എം.എല്‍.എ.മാര്‍ നല്‍കിയിരുന്നു. പൈലറ്റിനെ ഒഴിവാക്കി സി.പി. ജോഷി, ഗോവിന്ദ് സിങ് ദൊതാസറ, ബി.ഡി. കല്ല എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗഹ്ലോതിന്റെ ആവശ്യം. മന്ത്രി ശാന്തി ധരിവാളിനും കസേരയില്‍ നോട്ടമുണ്ട്.