BREAKING NEWSKERALALATEST

ഗാന്ധിസ്മൃതി യാത്ര യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. തടഞ്ഞു, ഗാന്ധിജിയുടെ ചിത്രത്തിന്റെ ചില്ല് പൊട്ടിച്ചു

തിരുവനന്തപുരം: കെ.പി.സി.സി.യുടെ ഗാന്ധിദര്‍ശന്‍ സമിതി നടത്തിയ ഗാന്ധിസ്മൃതി യാത്രയെ യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവേശിപ്പിക്കാതെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞു. കോളേജിനു മുന്നില്‍വെച്ച് ജാഥാ ക്യാപ്റ്റനും മുന്‍മന്ത്രിയുമായ വി.സി. കബീര്‍, ജാഥാംഗങ്ങളായ മുന്‍ എം.എല്‍.എ. കെ.എ. ചന്ദ്രന്‍, കമ്പറ നാരായണന്‍, അച്യുതന്‍ നായര്‍, ലീലാമ്മ ഐസക്, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ പ്രവര്‍ത്തകര്‍ പിടിച്ചുതള്ളിയതായും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് സത്യാഗ്രഹമിരുന്ന നേതാക്കളെ ആക്രമിച്ചതായും ഗാന്ധിജിയുടെ ഛായാചിത്രത്തിന്റെ ചില്ലുതകര്‍ത്തതായും നേതാക്കള്‍ ആരോപിച്ചു.
ഒക്ടോബര്‍ രണ്ടിന് പയ്യന്നൂരില്‍നിന്നാണ് ‘ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ’ എന്ന ഗാന്ധിസ്മൃതിയാത്ര ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഗാന്ധിജി നട്ട മാവിന്റെ ചുവട്ടില്‍ അനുസ്മരണപരിപാടി നടത്താനാണ് ഇവര്‍ എത്തിയത്. എന്നാല്‍, കോളേജിനുള്ളില്‍ പരിപാടി നടത്താനനുവദിക്കില്ലെന്നു പറഞ്ഞ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇവരെ തള്ളി പുറത്താക്കുകയായിരുന്നു. ഇതേത്തുടന്ന് വി.സി. കബീറിന്റെ നേതൃത്വത്തില്‍ ജാഥാംഗങ്ങള്‍ കോളേജിനു മുന്നില്‍ സത്യാഗ്രഹമിരുന്ന് ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പുറത്തെത്തി ഇവരുമായി വക്കേറ്റത്തിലേര്‍പ്പെട്ടു. ഉന്തും തള്ളുമുണ്ടായി. പോലീസെത്തി ജാഥാ അംഗങ്ങളെ എ.ആര്‍. ക്യാമ്പിലേക്കു മാറ്റി.
എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ നടപടി നാടിന് അപമാനമാണെന്ന് വി.സി. കബീര്‍ പിന്നീട് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. പോലീസ് തങ്ങളെ അറസ്റ്റുചെയ്ത് ഭക്ഷണംപോലും കഴിക്കാനനുവദിക്കാതെ എ.ആര്‍. ക്യാമ്പില്‍ പിടിച്ചുവെച്ചു. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കും. പ്രതിഷേധപരിപാടികള്‍ നടത്തും.
ജാഥയുടെ ബുധനാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചു. യാത്ര വെള്ളിയാഴ്ച വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതിമണ്ഡപത്തില്‍ സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker