BREAKING NEWSLATESTNATIONAL

ഗുജറാത്തില്‍ പിടിച്ചത് 21,000 കോടിയുടെ ഐഎസ് ബന്ധമുള്ള ‘അഫ്ഗാന്‍ ലഹരി’

അഹമ്മദാബാദ് :കഴിഞ്ഞയാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപയുടെ മയക്കുമരുന്നുമായെത്തിയ രണ്ട് കണ്ടെയ്‌നറുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തു. ഇവ ഉയര്‍ന്ന നിലവാരമുള്ള ഹെറോയിന്‍ ആണെന്നും കേന്ദ്ര ലബോറട്ടറിയില്‍ പരിശോധിച്ചുവെന്നും അന്വേഷണസംഘം അറിയിച്ചു. ഇന്ത്യയില്‍ വിതരണം ചെയ്യാനായി എത്തിച്ചതെന്നാണ് സൂചന.
അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അയച്ചത്. ഐഎസിനും താലിബാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് ലഹരി എത്തിച്ചതെന്നാണ് സംശയം. അഫ്ഗാനില്‍ മുന്‍ സര്‍ക്കാര്‍ ഇവ നിരോധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാണ്.
ആദ്യ കണ്ടെയ്‌നറില്‍നിന്ന് 1999.579 കിലോഗ്രാമും രണ്ടാമത്തെ കണ്ടെയ്‌നറില്‍ നിന്ന് 988.64 കിലോഗ്രാമുമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ടു അഫ്ഗാന്‍ പൗരന്മാരെ ചോദ്യം ചെയ്യും. ഇവര്‍ക്ക് പരോക്ഷമായി ഐഎസുമായി ബന്ധമുണ്ടെന്നാണ് വിവരം. ഹെറോയിന്റെ മൂല്യം 3500 കോടി രൂപയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ 6 ദിവസത്തെ അന്വേഷണത്തിന് ശേഷം പിടികൂടിയത് 21,000 കോടിയിലധികം രൂപ വിലവരുന്ന ഹെറോയിനാണെന്ന് വ്യക്തമായി.
ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുര്‍ഗപൂര്‍ണ വൈശാലിയും, മുഖത്തിടുന്ന പൗഡര്‍ എന്നവകാശപ്പെട്ടാണ് കണ്ടെയ്‌നറുകള്‍ മുന്ദ്ര തുറമുഖത്ത് എത്തിച്ചത്. ഇവരുടെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയാണ് കാര്യങ്ങള്‍ നീക്കിയത്. അഫ്ഗാനിലെ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസന്‍ ഹുസൈന്‍ ലിമിറ്റഡ് കയറ്റുമതിയുടെ ചുമതല നിര്‍വഹിച്ചു.
അറസ്റ്റ് ചെയ്ത ദമ്പതികളെ ഭുജ് കോടതിയില്‍ ഹാജരാക്കി 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അഹമ്മദാബാദ്, മുന്ദ്ര, ചെന്നൈ, വിജയവാഡ, ഡല്‍ഹി എന്നിവിടങ്ങളിലും ഡിആര്‍ഐ പരിശോധന നടത്തുന്നുണ്ട്. മുംബൈയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ അഫ്ഗാന്‍ പൗരന്മാരെന്നാണ് വിവരം. അറസ്റ്റു ചെയ്തവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ കണ്ടെയ്‌നറുകളും പിടിച്ചെടുത്തേക്കുമെന്നാണ് സൂചന.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker