KERALALATEST

ഗുണ്ടാനേതാവുമായി ബന്ധം; കോട്ടയത്ത് രണ്ട് പോലീസുകാര്‍ക്കെതിരേ നടപടി, ഡിവൈഎസ്പിക്ക് എതിരായ നടപടി വൈകുന്നു

കോട്ടയം: കോട്ടയത്ത് ഗുണ്ടാനേതാവുമായി ബന്ധമുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. ഡി.സി.ആര്‍.ബി. എ.എസ്.ഐ. അരുണ്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. പി.എന്‍.മനോജ് എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടാബന്ധമുണ്ടെന്ന ഐ.ജി.യുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഇവര്‍ക്കെതിരേ തുടരന്വേഷണത്തിന് പാലാ ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണത്തിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിച്ചത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള സൈബര്‍ സെല്‍ സി.ഐ.ക്കെതിരേയും ഉടന്‍ നടപടിയുണ്ടാകും. അതേസമയം, ഗുണ്ടാബന്ധമുണ്ടെന്ന് കണ്ടെത്തിയ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആര്‍. ശ്രീകുമാറിനെതിരേ നടപടി വൈകുന്നതായും ആക്ഷേപമുണ്ട്.
ഹണിട്രാപ്പ് കേസില്‍ ഗുണ്ടാനേതാവ് അരുണ്‍ഗോപന്‍ അറസ്റ്റിലായതോടെയാണ് പോലീസുകാരുടെ ഗുണ്ടാബന്ധം പുറത്തറിഞ്ഞത്. അരുണ്‍ ഗോപന്റെ അറസ്റ്റ് വൈകിപ്പിച്ചതിലടക്കം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നായിരുന്നു കണ്ടെത്തല്‍. പോലീസുകാരുമായി ബന്ധമുണ്ടെന്ന് അരുണ്‍ ഗോപന്‍ വെളിപ്പെടുത്തിയതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ വിവരം എസ്.പി.യെ അറിയിച്ചു.
എസ്.പി. ഗുണ്ടാനേതാവിനെ നേരിട്ടെത്തി ചോദ്യംചെയ്തതോടെ പോലീസുകാരുമായുള്ള ബന്ധങ്ങളെക്കുറിച്ചും മാസപ്പടിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ഗുണ്ടാനേതാവിന്റെ ഫോണ്‍വിളിപ്പട്ടിക എടുത്ത എസ്.പി.ക്ക് ബന്ധങ്ങളുടെ ചിത്രം കിട്ടിയെന്നാണ് വിവരം. ഹണി ട്രാപ്പ് കേസില്‍ പോലീസും ഇയാളും നടത്തിയ ഒളിച്ചുകളി പുറത്തായി. പിടിക്കാന്‍ പുറപ്പെടുന്നവര്‍തന്നെ ഇയാളെ മുന്‍കൂര്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് എസ്.പി.യുടെ റിപ്പോര്‍ട്ട് ഡി.ജി.പി.ക്ക് കൈമാറി. ഇതിലാണ് ദക്ഷിണമേഖല ഐ.ജി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
അരുണ്‍ഗോപനെ രണ്ടുമാസം മുമ്പാണ് അറസ്റ്റുചെയ്തത്. ഇയാളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ആരോപണവിധേയനായ ഡിവൈ.എസ്.പി. സ്റ്റേഷനിലെത്തി. അകാരണമായിരുന്നു ആ സന്ദര്‍ശനം. തന്റെ അധികാരപരിധിയില്‍ അല്ലാത്ത സ്റ്റേഷനിലെത്തിയാണ് ഡിവൈ.എസ്.പി. പ്രതിയുമായി സംസാരിച്ചത്. സ്റ്റേഷനില്‍ ഗുണ്ടാനേതാവ് ഡിവൈ.എസ്.പി.യോട് കയര്‍ത്തു. സ്റ്റേഷനില്‍ എന്തെങ്കിലും പ്രകോപനം ആസമയത്ത് ഉണ്ടായിരുന്നില്ല.
30 കേസില്‍ പ്രതിയാണ് അരുണ്‍ഗോപന്‍. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ലഹരികടത്താണ് ഒരു പ്രധാന കുറ്റകൃത്യം. ചിങ്ങവനത്തെ വ്യാപാരിയെ കോട്ടയത്തെത്തിച്ച് സ്ത്രീകള്‍ക്കൊപ്പമിരുത്തി ഫോട്ടോയെടുത്ത് ഹണി ട്രാപ്പ് ഒരുക്കിയതാണ് ഏറ്റവുമൊടുവിലത്തെ പ്രധാന കേസ്. മെഡിക്കല്‍ കോളേജ് പരിസരത്ത് എതിര്‍ ഗുണ്ടാസംഘവുമായി ഏറ്റുമുട്ടിയപ്പോഴും ഇയാള്‍ വാര്‍ത്തകളിലെത്തിയിരുന്നു. നഗരത്തിലെ ഒരുഭാഗത്തെ ലഹരിവിതരണം ഇയാളുടെ സംഘമാണ് നടത്തുന്നത്. കാപ്പ ചുമത്തപ്പെട്ട അരുണ്‍ ഇപ്പോള്‍ ജയിലിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker