NATIONAL

ഗുണ്ടാ നേതാവിനൊപ്പം ഒളിച്ചോടി; മാസങ്ങൾക്ക് ശേഷം തിരികെ എത്തിയപ്പോൾ ഭർത്താവ് വീട്ടിൽ കയറ്റിയില്ല; ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കി

ഗാന്ധിനഗർ: മാസങ്ങള്‍ക്ക് മുമ്ബ് ഗുണ്ടാ നേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറി രണ്‍ജീത്ത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. ശനിയാഴ്‌ച വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സൂര്യ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.രണ്‍ജീത്ത് കുമാറിന്റെ ഗാന്ധിനഗർ സെക്‌ടർ 19ലെ വീട്ടില്‍ വച്ചാണ് സൂര്യ വിഷം കഴിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം പ്രതിയായ സൂര്യ തിരികെ ഭർത്താവിനൊപ്പം താമസിക്കാനെത്തിയെങ്കിലും ഇവരെ വീട്ടില്‍ കയറ്റരുതെന്ന് രണ്‍ജീത്ത് വീട്ടുജോലിക്കാരോട് പറഞ്ഞിരുന്നു. വീട്ടില്‍ കയറാൻ അനുവദിക്കാതിരുന്നതിനാലാണ് സൂര്യ വിഷം കഴിച്ച്‌ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. വിഷം കഴിച്ച ശേഷം സൂര്യ തന്നെയാണ് ആംബുലൻസ് വിളിച്ച്‌ വരുത്തിയത്.തുടർന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഒമ്ബത് മാസം മുമ്ബാണ് ആണ്‍സുഹൃത്തും ഗുണ്ടാനേതാവുമായ മഹാരാജ ഹൈക്കോർട്ട് എന്നയാള്‍ക്കൊപ്പം സൂര്യ ഒളിച്ചോടിയത്. തുടർന്ന് മധുരയില്‍ നിന്ന് 14 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തില്‍ കുമാറും പ്രതികളായി. കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക തർക്കത്തെ തുടർന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പൊലീസ് 14കാരനെ മോചിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ മൂന്നുപേരും തമിഴ്‌നാട്ടില്‍ നിന്ന് രക്ഷപ്പെട്ടു. കേസില്‍ തമിഴ്‌നാട് പൊലീസ് പിടികൂടുമെന്ന് ഭയന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ശനിയാഴ്‌ച സൂര്യ ഭർത്താവായ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. എന്നാല്‍, വീട്ടില്‍ കയറാൻ സാധിക്കാതായതോടെ സൂര്യ വിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

Related Articles

Back to top button