BREAKINGNATIONAL

ഗൂഗിള്‍ മാപ്പ് ചതിച്ചു, ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം കിട്ടിയില്ലെന്ന് യുവാവ്

കാര്യം വഴി കണ്ടെത്താന്‍ നമ്മില്‍ പലരും ആദ്യം ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പിനെ ആണെങ്കിലും ഈയടുത്തായി ചങ്ങാതി വഴിതെറ്റിക്കുന്നത് ഒരു പതിവാക്കി ഇരിക്കുകയാണ്. ഗൂഗിള്‍ മാപ്പ് നോക്കിപ്പോയി കാട്ടിലും പുഴയിലും ഒക്കെ ആളുകള്‍ പെട്ടുപോയതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ സമീപകാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഗൂഗിള്‍മാപ്പിനെതിരെ മറ്റൊരു ആരോപണം കൂടി ഉയര്‍ത്തിയിരിക്കുകയാണ് ഒരു എക്‌സ് യൂസര്‍. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത് കൊണ്ട് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് തനിക്ക് പോകേണ്ടിയിരുന്ന വിമാനം മിസ്സായി എന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
എക്സ് (മുമ്പ് ട്വിറ്റര്‍), ഉപയോക്താവ് ആശിഷ് കച്ചോളിയാണ് ഇത്തരത്തിലൊരു ആക്ഷേപം ഗൂഗിള്‍ മാപ്പിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാസമയം കൃത്യമായി കണക്കാക്കുന്നതില്‍ ഗൂഗിള്‍ മാപ്പ് പരാജയപ്പെട്ടുവെന്നും തല്‍ഫലമായി തന്റെ ഫ്‌ലൈറ്റ് മിസ്സായി എന്നുമാണ് ആശിഷ് എക്‌സില്‍ കുറിച്ചത്. ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടില്‍ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നാണ് ആശിഷ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.
ഒരു മണിക്കൂറും 45 മിനിറ്റും യാത്രാ സമയം ആപ്പ് കാണിച്ചെന്നും എന്നാല്‍ വിമാനത്താവളത്തില്‍ എത്താന്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് മണിക്കൂര്‍ എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ തനിക്ക് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം മിസ്സായി എന്നും ആശിഷ് പറഞ്ഞു.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ നിരവധി പേര്‍ ഗൂഗിള്‍ മാപ്പ് തങ്ങളെയും ചതിച്ചിട്ടുണ്ട് എന്ന അഭിപ്രായവുമായി രംഗത്തെത്തി. ഗൂഗിള്‍ മാപ്പിനെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ ആയി എന്നും വഴിതെറ്റി പോകാതിരിക്കാന്‍ നാട്ടുകാരുടെ സഹായം തേടുന്നതാണ് ഏറ്റവും നല്ലത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കുറ്റം ഗൂഗിള്‍ മാപ്പിന്റെതല്ലെന്നും ബംഗളൂരുവിലെ ട്രാഫിക്കിന്റേതാണെന്നും അഭിപ്രായപ്പെട്ടവരും കുറവല്ല.

Related Articles

Back to top button