BREAKING NEWSLATESTNATIONAL

ഗോപൂജയ്ക്കിടെ രണ്ടര പവന്‍ സ്വര്‍ണമാല പശു വിഴുങ്ങി; ഒടുവില്‍ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ

ബെംഗളൂരു: പൂജയ്ക്കിടെ സ്വര്‍ണമാല വിഴുങ്ങിയ പശുവിന് ഒടുവില്‍ ശസ്ത്രക്രിയ. കര്‍ണാടകയിലാണ് വിചിത്രമായ സംഭവം നടന്നത്. ഒരു പൂജയ്ക്കിടെയാണ് പശു രണ്ടര പവനോളം വരുന്ന സ്വര്‍ണമാല വിഴുങ്ങിയത്. ഉത്തര കന്നഡ ജില്ലയില്‍ സിര്‍സിയില്‍ താമസിക്കുന്ന ഒരു കുടുംബം വളര്‍ത്തുന്ന നാലു വയസോളം പശുവിനാണ് സ്വര്‍ണമാല പുറത്തെടുക്കാന്‍ ശസ്ത്രക്രിയ വേണ്ടി വന്നത്.
വടക്കന്‍ കര്‍ണാടകയിലെ സിര്‍സി താലൂക്കിലെ ഹീപനഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ദീപാവലിയോട് അനുബന്ധിച്ച് ഗോ പൂജ നടത്തുകയായിരുന്നു കുടുംബം. വീട്ടില്‍ തന്നെ ഒരു പശുവും കിടാവും ഉണ്ടെന്നതിനാല്‍ ഈ പശുവിനെ ഉപയോഗിച്ചായിരുന്നു പൂജ. ഭാരതീയ സംസ്‌കാരം അനുസരിച്ച് വിശുദ്ധമൃഗങ്ങളായി കണക്കാക്കുന്ന പശുക്കളെ വിശേഷാവസരങ്ങളില്‍ ആദരിക്കുന്നതും പശുക്കളെ ഉള്‍ക്കൊള്ളിച്ച് പൂജകള്‍ നടത്തുന്നതും ഉത്തരേന്ത്യയില്‍ പലയിടത്തും സാധാരണമാണ്. ഇത്തരം പൂജകളുടെ സമയത്ത് പശുക്കളെ പൂമാലകള്‍ ധരിപ്പിച്ച് അലങ്കരിക്കുകയും ആഭരണങ്ങള്‍ ഇടുവിക്കുകയും ചെയ്യാറുണ്ട്. ചിലപ്പോള്‍ ആഘോഷത്തിനു മാറ്റു കൂട്ടാനായി സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ പശുവിനെ ധരിപ്പിക്കും.
സിര്‍സിയിലെ കുടുംബവും പൂജയുടെ ഭാഗമായി പൂമാലകള്‍ക്കൊപ്പം രണ്ടര പവനോളം വരുന്ന ഒരു മാല പശുവിന്റെ കഴുത്തില്‍ അണിയിക്കുകയായിരുന്നു. ദീപാവലിയുടെ തലേദിവസം തന്നെ പശുവിനെയും കിടാവിനെയും കുളിപ്പിച്ചു വൃത്തിയാക്കിയ ശേഷമാണ് പൂമാലകളും ആഭരണങ്ങളും അണിയിച്ചത്. പൂജയ്ക്കു ശേഷം പശുവിന്റെ ദേഹത്തു നിന്ന് ഇത് അഴിച്ചു മാറ്റിയെങ്കിലും തൊട്ടടുത്തു തന്നെ സൂക്ഷിച്ചിരുന്നു. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോള്‍ മാല സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ചേര്‍ന്ന് എല്ലായിടത്തും അന്വേഷിച്ചെങ്കിലും മാല കിട്ടിയില്ല. ഇതോടെയാണ് പശു മാല അകത്താക്കിയിട്ടുണ്ടാകാം എന്ന സംശയം തോന്നിയത്.
ചാണകത്തോടൊപ്പം പുറത്തു വരുമെന്ന പ്രതീക്ഷയില്‍ കുടുംബം ഒരു മാസത്തോളം കാത്തിരുന്നു. എന്നാല്‍ ഒരു ലക്ഷത്തോളം രൂപ വില വരുന്ന മാല പുറത്തു വന്നില്ല. ഇതോടെയാണ് പശുവിന്റെ വയറ്റില്‍ നിന്ന് മാല പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയത്. കുടുംബം ഒരു മൃഗഡോക്ടറെ സമീപിച്ചെന്നും ഒരു മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ വയറ്റില്‍ ഏതു ഭാഗത്തായാണ് സ്വര്‍ണമാല കിടക്കുന്നതെന്ന് കണ്ടെത്തിയെന്നുമാണ് ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലായ ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാല കിടക്കുന്ന സ്ഥാനം കൃത്യമായി മനസ്സിലാക്കാന്‍ പശുവിനെ സ്‌കാനിങിന് വിധേയമാക്കുകയും ചെയ്തു.
തുടര്‍ന്ന് കുടുംബത്തിന്റെ അനുമതിയോടെ ഡോക്ടര്‍ പശുവിന് ശസ്ത്രക്രിയ നടത്തി സ്വര്‍ണമാല പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ പുറത്തെടുത്ത സ്വര്‍ണമാലയ്ക്ക് 18 ഗ്രാം മാത്രമായിരുന്നു ഭാരമുണ്ടായിരുന്നത്. മാലയുടെ ഒരു ചെറിയ ഭാഗം ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്കിലും മാല വീണ്ടെടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുടുംബം. ശസ്ത്രക്രിയയയ്ക്കു ശേഷം പശു സുഖം പ്രാപിച്ചു വരികയാണ.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker