BREAKINGKERALA
Trending

ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു? – മറുപടിയുമായി പിണറായി, എഡിജിപി വിവാദം മിണ്ടിയില്ല

തിരുവനന്തപുരം: ആര്‍.എസ്.എസ്സിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ്സിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനല്‍കി എന്ന് പരസ്യമായി പറഞ്ഞത് കെപിസിസി പ്രസിഡന്റാണ്. തലശ്ശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന വിവാദം ചര്‍ച്ചയാകുമ്പോഴാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടി. ആര്‍.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ പിണറായി എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
‘ആര്‍.എസ്.എസ് ശാഖയ്ക്ക് ഞാന്‍ കാവല്‍ നിന്നു എന്ന് പറഞ്ഞ രാഷ്ട്രീയ നേതാവാര് മറന്നുപോയോ വലിയ അഭിമാനപുരസരമല്ലേ നാടിനോട് അത് വിളിച്ചുപറഞ്ഞത്. ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കുന്ന ആര്‍.എസ്.എസ്സുകാരനെ നമുക്ക് മനസിലാക്കാം. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതാവാണല്ലോ. എന്തേ സൗകര്യപൂര്‍വ്വം അത് മറക്കുന്നതെന്നും പിണറായി ചോദിച്ചു.
‘ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനല്‍കി എന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. ആര്‍ക്കാണ് ആര്‍.എസ്.എസ്. ബന്ധം. തലശ്ശേരി കലാപകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ കാവല്‍ നിന്നിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ വരുന്ന ഈ സംഘപരിവാരുകാരെ നേരിടുന്നതിന് വേണ്ടി. അവരില്‍ നിന്ന് ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി. തലശ്ശേരി കലാപത്തില്‍ പലതും പലര്‍ക്കും നഷ്ടപ്പെട്ടു. ആഭരണം നഷ്ടപ്പെട്ടു, പണം നഷ്ടപ്പെട്ടു, വീട് നഷ്ടപ്പെട്ടു ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമായിരുന്നു സഖാവ് യു.കെ കുഞ്ഞിരാമന്റെ ജീവന്‍. അത് ഈ സംഘപരിവാറുകാരെ തടയാന്‍ നിന്നതിന്റെ ഭാഗമായിട്ടാണ്. അവര്‍ ചെയ്തത് ആര്‍.എസ്.എസ്സിന്റെ ശാഖയ്ക്ക് സംരക്ഷണം നല്‍കലായിരുന്നെന്നും പിണറായി പറഞ്ഞു.
ആര്‍.എസ്.എസ്സിന്റെ തലതൊട്ടപ്പന്‍ ഗുരുജി ഗോള്‍വാള്‍ക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് ഒരു പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയില്‍ ഗോള്‍വാള്‍ക്കറിന്റെ ചിത്രമുണ്ട്. മുമ്പില്‍ വിളക്കുണ്ട്. അത് കൊളുത്തി ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു. ഞങ്ങള്‍ ആരുടേതെങ്കിലുമാണോ. – പിണറായി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രസംഗത്തില്‍ എവിടെയും എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച എന്തിനായിരുന്നുവെന്നതിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയയെ കണ്ടും റാം മാധവിനെ കണ്ടതുമായി ബന്ധപ്പെട്ട് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അതിനകത്ത് യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിരുന്നില്ല. വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയും സഖ്യകക്ഷികളില്‍ നിന്നടക്കം വിമര്‍ശനം ഉയരുകയും ചെയ്തിട്ടും ഈ സംഭവത്തില്‍ പ്രതികരിക്കാതെയാണ് കോവളത്തെ സിപിഎം വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്.

Related Articles

Back to top button