BREAKING NEWSFOOTBALLSPORTS

ഗോള്‍വല നിറച്ച് സ്പാനിഷ് പടയോട്ടം; കോസ്റ്റാറിക്കയെ എതിരില്ലാത്ത 7 ഗോളിന് തോല്‍പ്പിച്ചു

ദോഹ: വമ്പന്മാര്‍ക്ക് കാലിടറിയ ഖത്തറില്‍ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് സ്‌പെയിന്‍. ഗ്രൂപ്പ് ഇ മത്സരത്തില്‍ എതിരില്ലാത്ത 7 ഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. ഇരട്ട ഗോളുമായി നിറഞ്ഞാടിയ ഫെറാന്‍ ടോറസാണ് വിജയ ശില്‍പ്പി. ഖത്തറില്‍ ലക്ഷ്യം കിരീടം മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു സ്‌പെയിനിന്റേത്.
അല്‍ തുമാമ സ്റ്റേഡിയത്തില്‍ പന്തുരുളാന്‍ തുടങ്ങിയതു മുതല്‍ സ്‌പെയിനിന്റെ സര്‍വാധിപത്യം. കോസ്റ്റാറിക്ക താരങ്ങള്‍ക്ക് പന്തില്‍ തൊടാന്‍ അവസരം ലഭിച്ചില്ല. നിരന്തരം കോസ്റ്റാറിക്കന്‍ പോസ്റ്റിലേക്ക് സ്‌പെയിന്‍ ഷോട്ടുകള്‍ ഉതിര്‍ത്തു. കോസ്റ്ററിക്കന്‍ ബോക്‌സിലേക്ക് നടത്തിയ തുടര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയായി ആദ്യ ഗോള്‍ പിറന്നു. പതിനൊന്നാം മിനിറ്റില്‍ ഡാനി ഓള്‍മോയിലൂടെ മുന്നില്‍. ലോകപ്പില്‍ സ്‌പെയിനിന്റെ 100–ാം ഗോള്‍.
10 മിനിറ്റ് തികയും മുമ്പ് രണ്ടാമത്തെ ഗോള്‍, ഇത്തവണ മാര്‍ക്കോ അസെന്‍സിയോ(21′) കോസ്റ്റാറിക്ക വലകുലുക്കി. 31 ആം മിനിറ്റില്‍ ലഭിച്ച പെനാലിറ്റി ഫെറാന്‍ ടോറസും ഗോളാക്കി മാറ്റിയതോടെ സ്‌പെയിന്‍ ലീഡ് 3 ആയി. കോസ്റ്ററിക്കന്‍ ബോക്‌സിനുള്ളില്‍ ആല്‍ബയെ ഡ്യുവാര്‍ട്ടെ തള്ളിയിട്ടതിനാണ് സ്‌പെയിന് അനുകൂലമായ പെനല്‍റ്റി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ കോസ്റ്ററിക്കയെ നിഷ്പ്രഭമാക്കി സ്‌പെയിന് 3 ഗോള്‍ ലീഡ്. ഖത്തര്‍ ലോകകപ്പില്‍ ഇതാദ്യമാണ് ആദ്യപകുതിയില്‍ തന്നെ 3 ഗോള്‍ പിറക്കുന്നത്.
ആദ്യപകുതി നിര്‍ത്തിയെടുത്ത് നിന്ന് തന്നെ സ്‌പെയിന്‍ രണ്ടാം പകുതിയും ആരംഭിച്ചു. മത്സരം തുടങ്ങി ഏതാനും മിനിറ്റിനകം ടോറസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. 54 ആം മിനിറ്റില്‍ ലീഡ് 4 ആയി വര്‍ധിച്ചു. തോല്‍വി ഉറപ്പിച്ച കോസ്റ്ററിക്കയുടെ ഞെട്ടല്‍ മാറും മുമ്പ് പാബ്ലോ ഗവിയിലൂടെ വീണ്ടും സ്‌പെയിന്‍ ലീഡ് എടുത്തു. 74 ആം മിനിറ്റിലായിരുന്നു ഗോള്‍.
ഗോളടി പരിശീലനം നടത്തുകയാണോ സ്‌പെയിന്‍ എന്ന് സംശയിച്ച് തുടങ്ങിയപ്പോഴേക്കും അടുത്ത ഗോള്‍ എത്തി. 90 മിനിറ്റില്‍ കാര്‍ലോസ് സോളര്‍ ലീഡ് വീണ്ടും ഉയര്‍ത്തി. അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുടെ ഗോള്‍ കൂടി, കോസ്റ്റാറിക്കന്‍ തോല്‍വി സമ്പൂര്‍ണം. അതേസമയം, സ്‌പെയിന്‍ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker