പനാജി: ഗോവയില്‍ സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ജോലി പരിചയം നിര്‍ബന്ധമാക്കുന്നെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വടക്കന്‍ ഗോവയിലെ തലേഗാവോ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രമോദ് സാവന്ത്. ഒരോ സര്‍ക്കാര്‍ ജോലിക്കും കൃത്യമായ ആളെ തന്നെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നിയമഭേദഗതികള്‍ അധികം വൈകാതെ വരുത്തുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു
ഒരാളെ നേരിട്ട് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുക്കുന്ന രീതി അവസാനിപ്പിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്ത് പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴിയായിരിക്കും എല്ലാ സര്‍ക്കാര്‍ ജോലി നിയമനങ്ങളും. ഇത്തരത്തിലുള്ള നിബന്ധന സര്‍ക്കാരിന് വളരെ ശേഷിയുള്ള ജീവനക്കാരെ ലഭിക്കാന്‍ ഇടയാക്കുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തെ ജോലി പരിചയം എല്ലാ സര്‍ക്കാര്‍ ഉദ്യോഗത്തിനും ഉടന്‍ ബാധകമാക്കുമെന്ന് മന്ത്രി അറിയിച്ചു.