KERALABREAKING NEWSLATEST

ഗോവിന്ദന് ഗാന്ധിയെയും ഗോള്‍വാള്‍ക്കറെയും തിരിച്ചറിയില്ല; പണ്ഡിതനുമായി ആശയസംവാദത്തിനില്ല; വിഡി സതീശന്‍

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഗാന്ധിയെയും ഗോള്‍വാള്‍ക്കറെയും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 1921ല്‍ യങ് ഇന്ത്യയില്‍ ഗാന്ധിജി എഴുതിയകാര്യമാണ് താന്‍ പറഞ്ഞത്. നെഹ്രുവും രാജീവ് ഗാന്ധിയും എല്ലാം ഇത് വിവിധ സന്ദര്‍ഭങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗോവിന്ദനുമായി ആശയസംവാദത്തിന് തയ്യാറാല്ല. കാരണം അദ്ദേഹത്തെപ്പോലെ പണ്ഡിതരല്ല തങ്ങളാരുമെന്നും സതീശന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വാര്‍ത്താ സമ്മേളനത്തിനിടെ എല്ലാ വാതിലുകളും ജനലകളും തുറന്നിട്ടിരിക്കുകയാണ്, എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇത് സതീശന്റെഉള്ളിന്റെയുള്ളിലുള്ള ആര്‍എസ്എസിന്റെ ഗോള്‍വള്‍ക്കറുടെ ‘വിചാരധാര’യാണെന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്.

‘ഗോവിന്ദന്‍ പണ്ട് സിപിഎമ്മുകാര്‍ക്ക് ക്ലാസ് എടുത്തു. ഇപ്പം പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന് സിപിഎമ്മിനെ ഏകദേശം ഒരുപരുവത്തിലാക്കുന്നുണ്ട്. ഞങ്ങള്‍ അതിനെ തടസപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല’- സതീശന്‍ പറഞ്ഞു.

വര്‍ഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെ സിപിഎമ്മും നടത്തുന്നത്. ഈ വിവാദം കെട്ടടങ്ങട്ടെയെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. കേരളത്തില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലേതുപോലെ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പറഞ്ഞത്. എന്നാല്‍ ഇത് ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker