BREAKING NEWSKERALA

ഗോ പട്ടേല്‍ ഗോ; പ്ലേറ്റും ചിരട്ടയും കൊട്ടി ലക്ഷദ്വീപില്‍ ഇന്ന് കരിദിനാചരണം

കൊച്ചി: അഡ്മിനിസ്‌ട്രേറ്ററുടെ വിവാദനയങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്നു കരിദിനാചരണം. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്നു ദ്വീപിലെത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രതിഷേധച്ചൂട് അറിയിക്കുകയാണു ലക്ഷ്യം. കഴിഞ്ഞയാഴ്ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ് ലക്ഷദ്വീപ് ഫോറം ദ്വീപില്‍ ആസൂത്രണം ചെയ്യുന്ന രണ്ടാംഘട്ട സമരമാണിത്.
പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ ദ്വീപുകളിലും വീടുകളുടെ മുന്നില്‍ കരിങ്കൊടികള്‍ നിറയും. കറുപ്പു നിറമുള്ള വസ്ത്രം, മാസ്‌ക്, ബാഡ്ജ് എന്നിവ ധരിക്കാനും അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ എല്ലാ വീടുകളുടെയും മുന്നില്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.
ഇന്നു രാത്രി 9ന് എല്ലാ വീടുകളിലും വിളക്കുകള്‍ അണച്ചു മെഴുകുതിരി വെട്ടത്തില്‍ പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കാനും ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.
വീടിനു പുറത്തിറങ്ങി പ്രതിഷേധിക്കരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദേശവും ദ്വീപുവാസികള്‍ക്കു നല്‍കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡ ലംഘനമുണ്ടായാല്‍ അതു ചൂണ്ടിക്കാട്ടി അറസ്റ്റ് ഉള്‍പ്പെടെ നിയമ നടപടിയിലേക്കു നീങ്ങാനും പ്രതിഷേധത്തിന്റെ മുനയൊടിക്കാനുമുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകും എന്നതാണു കാരണം.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ദ്വീപിലെത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കു കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. ജാഗ്രത പാലിക്കാന്‍ പൊലീസുള്‍പ്പെടെയുള്ള സേനാവിഭാഗങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
ഔദ്യോഗിക ചടങ്ങുകളിലും യോഗങ്ങളിലും മാത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുക്കുന്നതെങ്കിലും കവരത്തി ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലം സന്ദര്‍ശനം പോലെയുള്ള ചില പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിനാല്‍, പ്രാദേശിക പ്രതിഷേധം അതിരുവിടാതെ നോക്കാന്‍ പഴുതടച്ച ക്രമീകരണങ്ങളാണു പൊലീസ് ഒരുക്കുന്നത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker