ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് സര്‍വ്വേയില്‍ ഇടപെട്ട് സുപ്രീംകോടതി. സര്‍വേ കമ്മീഷണര്‍ അജയ് മിശ്രയെ മാറ്റിക്കൊണ്ട് കോടതി ഉത്തരവിട്ടു. സര്‍വേ വിവരങ്ങള്‍ ചോര്‍ന്നതിലാണ് നടപടി. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2 ദിവസം കൂടി കോടതി അനുമതി നല്‍കിയിട്ടുണ്ട്.
സര്‍വേ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് മസ്ജിദ് കമ്മിറ്റി കോടതിയില്‍ ആവശ്യപ്പെട്ടു. ഗ്യാന്‍വാപി ആരാധനാലയമാണ്. ശിവലിംഗം കണ്ടുവെന്ന വാദം അംഗീകരിക്കാനാകില്ല. മുന്നറിയിപ്പില്ലാതെ മസ്ജിദ് പരിസരം സീല്‍ ചെയ്തത് തെറ്റായ നടപടിയാണ്. വരാണസി കോടതിയുടെ നടപടി തിടുക്കത്തിലായി. പറയാനുളളത് കേള്‍ക്കാനുള്ള സാവകാശം കോടതി കാട്ടിയില്ലെന്നും മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ പറഞ്ഞു. കാര്യങ്ങള്‍ കീഴ്ക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി മറുപടി നല്കി.
ശിവലിംഗം എവിടെയെന്ന് കോടതി ചോദിച്ചു. ജില്ല മജിസ്ട്രേറ്റ് പോലും ഇത് കണ്ടിട്ടില്ല. സീല്‍ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ മജിസ്ട്രേറ്റിനാണ് സംരക്ഷണ ചുമതല. സുരക്ഷയുടെ പേരില്‍ മുസ്ലീങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ആരാധനാലയങ്ങളെ സംബന്ധിച്ച 1991ലെ നിയമത്തിന്റെ ലംഘനമാണ് സര്‍വ്വെയ്ക്കുള്ള ഉത്തരവെന്നാണ് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. ഗ്യാന്‍വാപി മസ്ജിദില്‍ ഇന്നലെ ശിവലിംഗം കണ്ടെത്തി എന്ന് ചില അഭിഭാഷകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശം സീല്‍ ചെയ്യാനും സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്താനും കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ജലസംഭരണിയിലെ വാട്ടര്‍ ഫൗണ്ടനാണിതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വിശദീകരണം.