കൊല്ലം: ആര്യയും ഗ്രീഷ്മയും ആണ്‍സുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞില്ലെന്ന് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ. ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും, അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാന്‍ വര്‍ക്കലയില്‍ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ പൊലീസിന് മൊഴി നല്കി. രേഷ്മയെ പൊലീസ് ജയിലില്‍ ചോദ്യം ചെയ്തു. ഇരുവരും ചേര്‍ന്ന് കബളിപ്പിക്കുകയാണെന്ന വിവരം പോലീസ് പറഞ്ഞെങ്കിലും രേഷ്മ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് രേഷ്മ തിരിച്ചറിഞ്ഞത്. കബളിപ്പിക്കപ്പെട്ടതറിഞ്ഞ് രേഷ്മ ഞെട്ടിയെന്നും പൊട്ടിക്കരഞ്ഞെന്നും പോലീസ് പറയുന്നു.
തനിക്ക് അനന്തുവെന്ന ആണ് സുഹൃത്ത് ഉണ്ടായിരുന്നു. വര്‍ക്കലയില്‍ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയിട്ടില്ല. അതിന് ശേഷമാവാം തന്നെ കബളിപ്പിച്ചത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതില്‍ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാം. അതിനാലാണ് തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പൊലീസിന് മൊഴി നല്കി. ഗര്‍ഭിണിയാണെന്ന കാര്യം ചാറ്റിങില്‍ സൂചിപ്പിച്ചിട്ടില്ല, അനന്തുവെന്ന ആണ് സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രേഷ്മ.
നുവരി 5നാണ് കല്ലുവാതുക്കല്‍ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കുഴിയില്‍ പൊക്കിള്‍ക്കൊടി പോലും മുറിക്കാത്ത നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ അറസ്റ്റിലായി. അനന്തു എന്ന ഫെയ്സുബുക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നല്കി. അനന്തു എന്ന പേരില്‍ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫെയ്സ്ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും പിന്നീട് ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.