WEB MAGAZINEARTICLES

 ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി: നിറം മങ്ങിയ പ്രതീക്ഷകൾ

   
ജയരാജൻ സി എൻ
നമ്മളോ മുൻതലമുറയിൽ പെട്ടവരോ അനുഭവിക്കാത്ത തരത്തിൽ അഭൂതപൂർവ്വമായ ക്രമത്തിൽ അതിവൃഷ്ടിയും, പ്രളയങ്ങളും ഒക്കെ ഒരു വശത്തും കാട്ടുതീയും സമുദ്ര ജല നിരപ്പുയർച്ചയും സമുദ്രോപരിതല താപനവർദ്ധനവും മറുവശത്തുമൊക്കെയായി ജനജീവിതത്തെ താറുമാറാക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കിടയിൽ അന്തരീക്ഷ താപനില ഇരട്ടിയായി എന്ന നിരീക്ഷണം തന്നെ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഗ്ലാസ്ഗോയിൽ 2021 ഒക്ടബോർ 31 മുതൽ നവംബർ 12 വരെ Cop-26 എന്ന കാലവസ്ഥാ ഉച്ചകോടി നടന്നത്.
ഈ സമ്മേളനത്തിൽ 200 രാജ്യങ്ങളോട് ആവശ്യപ്പെടാൻ ഉദ്ദേശിച്ചിരുന്നത് 2030ഓടു കൂടി അവയുടെ നിർഗ്ഗമനങ്ങൾ വെട്ടിക്കുറയ്ക്കുക എന്നതായിരുന്നു. 2015ൽ നടന്ന പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ അന്തരീക്ഷ താപനില രണ്ടു ഡിഗ്രി വർദ്ധനവിനപ്പുറം പോകാതിരിക്കാൻ, കഴിയുമെങ്കിൽ 1.5 ഡിഗ്രി വർദ്ധനവിനപ്പുറം പോകാതിരിക്കാൻ തക്ക നിലയിൽ ആഗോളതാപനം പിടിച്ചുനിർത്തുന്നതിന് വേണ്ടി അവരവരുടെ രാജ്യങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആസന്നമായ പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാൻ എന്ന നിലയിലും 2050ഓടു കൂടി നിർഗ്ഗമനങ്ങൾ പൂജ്യം അളവിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുകയായിരുന്നു അതിലൂടെ ലക്ഷ്യം വെച്ചത്. ഇതിന്റെ തുടർച്ചയായിട്ട് തന്നെയാണ് ഈ വർഷം ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.
എന്നിരുന്നാലും വിവിധ രാജ്യങ്ങൾ ഈ സമ്മേളനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നിലപാടുകൾ വാസ്തവത്തിൽ ആശാവഹമായിരുന്നില്ല എന്നതാണ് വസ്തുത. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കയെ ഉച്ചകോടി അഭിസംബോധന ചെയ്തെങ്കിലും ആത്യന്തികമായി ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
മൊത്തം ഹരിതഗൃഹ വാതകത്തിന്റെ 27 ശതമാനത്തോളം പുറപ്പെടുവിക്കുന്ന ചൈന ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. അതു പോലെ വൻ പെട്രോ രാജ്യങ്ങളായ റഷ്യയും സൌദി അറേബ്യയും ഈ സമ്മേളനത്തിൽ നിന്ന് മാറി നിന്നു.
യൂറോപ്യൻ രാജ്യങ്ങൾ വാഗ്ദാനങ്ങൾ ഒരു വശത്ത് നൽകിക്കൊണ്ടിരിക്കുമ്പോഴും ധനസഹായ (adaptation finance) ത്തിന്റെ കാര്യത്തിലായാലും ദരിദ്രരാജ്യങ്ങളെ ധനിക രാജ്യങ്ങൾ സഹായിക്കുന്ന കാര്യത്തിൽ പൊതു തീരുമാനമെടുക്കുന്ന കാര്യമായാലും അടക്കം സകല ധനപരമായ ചർച്ചകളും ഫലത്തിൽ തടയുന്ന നിലപാടാണ് എടുത്തു കണ്ടത്.
COP -26ൽ ഫോസിൽ ഇന്ധന കമ്പനികളിൽ നിന്നു മാത്രമായി 503 അംഗങ്ങൾ പങ്കെടുത്തുവെന്നും ഒരു രാജ്യത്തിന്റെ പ്രാതിനിധ്യവുമായി തട്ടിച്ചു നോക്കിയാൽ ഇത് വളരെ കൂടിയ സംഖ്യയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഗ്ലാസ്ഗോ ഉച്ചകോടി ചർച്ചകൾ ഫോസിൽ ഇന്ധന കമ്പനികൾ കയ്യടക്കിയെന്ന പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വിമർശനങ്ങൾക്ക് സാധുത നൽകുന്നതാണ് ഈ കണക്കുകൾ.
അതേ സമയം തന്നെ ഗ്ലാസ്‌ഗോവില്‍ നടക്കുന്നത് വന്‍കിട മലിനീകാരികളായ കോര്‍പ്പറേറ്റുകളുടെയും വികസിത രാജ്യങ്ങളുടെയും ഗ്രീന്‍ വാഷിംഗ് പരിപാടിയാണെന്ന് ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ മൂവ്‌മെന്റിന്റെ സംഘാടക ഗ്രെറ്റ തന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു എന്നത് ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്.
ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്ന് നെറ്റ് സീറോ ടാര്‍ഗെറ്റിലെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 130 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കായി സ്വകാര്യ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഇന്‍ഷ്വറന്‍സ് കമ്പനികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് Glasgow Finance Alliance for Net Zero- GAFANZ രൂപീകരണമാണ്. നെറ്റ് സീറോ ലക്ഷ്യങ്ങളില്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ സഹകരണം ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമായി യുഎന്‍ വിശദീകരിക്കുന്നത്. (കേരളത്തിലെ അറിയ്പപെടുന്ന പരിസ്ഥിതി വിചക്ഷണനായ കെ. സഹദേവൻ ഈ തീരുമാനത്തെ രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിൽ രൂപം കൊണ്ട ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ കാലാനുസൃതമായ രൂപമായി ചൂണ്ടിക്കാട്ടുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.) അമേരിക്കയും ബ്രിട്ടനും അടക്കമുള്ള 20 രാഷ്ട്രങ്ങള്‍ 2022ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യത്തില്‍ പൊതുതീരുമാനത്തിലെത്തിക്കഴിഞ്ഞരിക്കയാണ് എന്നതിനാൽ ഇപ്പറഞ്ഞ ധനകാര്യ ഇടപാടുകൾ നിർണ്ണായകമാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്.
അതേ സമയം, 2030 വരെയുള്ള കാലയളവിൽ ഈ സാമ്പത്തിക പാക്കേജുകൾ ഉപയോഗിച്ചു കൊണ്ട് നിർവഹിക്കേണ്ട ലക്ഷ്യങ്ങൾ എന്തൊക്കെയാണ് എന്ന തരത്തിലുള്ള യാതൊരു കൃത്യതയും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. വികസ്വര രാജ്യങ്ങളെ കൽക്കരി ഉപഭോഗത്തിൽ നിന്ന് പിൻവലിപ്പിക്കാനും മറ്റുമായി പ്രേരിപ്പിക്കണമെങ്കിൽ ഈ സാമ്പത്തിക സഹായ വ്യക്തതയുടെ ആവശ്യമുണ്ട് എന്നിരുന്നിട്ടും ഇത്തരം ഒന്ന് ഉണ്ടാവാതെ പോയി. പഠനങ്ങൾ ചൂണ്ടിക്കാണിയ്ക്കുന്നത് വികസ്വര രാജ്യങ്ങളിൽ 2030ഓടെ പ്രതിവർഷം ചുരുങ്ങിയത് 400-580 ശതകോടി ഡോളറിന്റെ നഷ്ട നാശങ്ങളുണ്ടാകുമെന്നാണ്. തങ്ങൾക്ക് ആഗോള നേതാക്കളിൽ നിന്ന് വാഗ്ദാനങ്ങളല്ല, പണമാണ് വേണ്ടതെന്ന് ഉച്ചകോടി വേളയിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇന്ത്യയിലെ കാലാവസ്ഥാ വിദഗ്ദ്ധനായ ഹർജീത് സിങ്ങും ഇതേ കാര്യം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നടന്ന ധനസഹായത്തിന് സമാനമായ ഒന്നുണ്ടാകണം എന്ന രീതിയിലും അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയും ചില ആഫ്രിക്കൻ രാജ്യങ്ങളും സ്കോട്ട് ലാന്റും ആവശ്യപ്പെട്ടിരിക്കുന്നത് ധനിക രാജ്യങ്ങൾ 2030 മുതൽ പ്രതിവർഷം 1.3 ട്രില്ല്യൺ ഡോളർ വികസ്വര രാജ്യങ്ങൾക്ക് നൽകണമെന്നാണ്. ഈ പണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടേ ഇന്ത്യ തങ്ങളുടെ ദേശീയ നിർണ്ണീത സംഭാവനകളുടെ (NDCs) കാര്യത്തിൽ നിലപാട് വ്യക്തമാക്കൂ എന്ന് പറഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങളെല്ലാം ചേർന്ന് 100 ബില്യൺ ഡോളർ ധനസഹായം നൽകാൻ മടിക്കുമ്പോഴാണ് അതിന്റെ പത്തിരട്ടിയ്ക്ക് മേൽ തുകയുടെ ആവശ്യം ഉയർന്നിരിക്കുന്നത്.
ലോകത്തുള്ള മൊത്തം വനത്തിന്റെ 85 ശതമാനത്തോളം സ്വന്തമായിട്ടുള്ള 100ൽ പരം രാജ്യങ്ങൾ 2030ഓടെ വനനശീകരണം പൂർണ്ണമായും നിർത്തലാക്കും എന്നു പ്രഖ്യാപിച്ചിരുന്നു. ആമസോൺ വനങ്ങളുടെ നാശം അവ ആഗിരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ ഹരിത ഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന അവസ്ഥയിലെത്തി നിൽക്കുമ്പോൾ ഇത്തരം തീരുമാനങ്ങൾ പ്രത്യക്ഷത്തിൽ ആശാവഹങ്ങളാണ്. എന്നാൽ ഇത്തരം വനനശീകരണം തടയുന്ന പദ്ധതികൾ ലോകമെമ്പാടും മുൻപും കൊട്ടിഘോഷിച്ച് നടപ്പാക്കപ്പെട്ടിട്ടുണ്ടെന്നും ഒരു പാട് ഫണ്ട് ഇതിനായി ചെലവഴിക്കപ്പെട്ടതിനപ്പുറം ഒന്നും കാര്യമായി സംഭവിച്ചില്ല എന്നും നമുക്കറിയാം. കൂടാതെ ഇന്തോനേഷ്യ മേൽപ്പറഞ്ഞ പ്രഖ്യാപനത്തിൽ ഒപ്പു വെച്ചതിന് ശേഷം ഈ പരിപാടി ആശാസ്യമല്ല എന്ന പ്രസ്താവനയുമായി രംഗത്തു വന്നിട്ടുമുണ്ട്.
ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും “അപകടകാരി”യും മനുഷ്യനിർമ്മിതവുമായ ഒന്നാണ് മീതേൻ. കന്നുകാലി ഉൽപ്പാദനം, വേസ്റ്റ് സംഭരണം തുടങ്ങിയവയിൽ നിന്നാണ് ഇവ ഉണ്ടാവുന്നത്. ഈ സമ്മേളനത്തിൽ നൂറിൽ പരം രാജ്യങ്ങൾ 2030ഓടു കൂടി മീതേൻ നിർഗ്ഗമനത്തിന്റെ 30 ശതമാനം വെട്ടിക്കുറയ്ക്കാമെന്ന് അംഗീകരിച്ചു. എന്നാൽ വൻതോതിൽ ഈ വാതകം പുറത്തു വിടുന്ന ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പു വെച്ചില്ല.
കാലാവസ്ഥാ വ്യതിയാനത്തിൽ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്നത് കൽക്കരിയാണ്. കൽക്കരിയുടെ ഉപയോഗം കുറയ്ക്കുന്നതിൽ ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നത് ശരിയാണെങ്കിലും 2019ലെ കണക്കനുസരിച്ച് ലോകത്തിലെ ഊർജ്ജോൽപ്പാദനത്തിന്റെ 37 ശതമാനവും കൽക്കരിയിൽ നിന്നു തന്നെയായിരുന്നു. ഗ്ലാസ്ഗോ ഉച്ചകോടിയിൽ 190 രാജ്യങ്ങൾ കൽക്കരി ഉപഭോഗത്തിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പു വെച്ചിട്ടുള്ളത് 46 രാജ്യങ്ങൾ മാത്രമാണ്. നല്ല രീതിയിൽ കൽക്കരി ഉപയോഗിക്കുന്ന പോളണ്ട്, വിയറ്റ്നാം, ചിലി തുടങ്ങിയ രാജ്യങ്ങൾ ഇതിൽ പെടുന്നുണ്ട്. എന്നാൽ ഈ രാജ്യങ്ങളെല്ലാം ചേർന്നാലും ആഗോള ഉപഭോഗത്തിന്റെ 15 ശതമാനം മാത്രമേ വരുന്നുള്ളൂ. ഏറ്റവും വലിയ കല്‍ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ചവരിലോ, പ്രതിജ്ഞയെടുത്തവരിലോ ഇല്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഈ ഉച്ചകോടിയിലെ ഒടുവിലെ ദിനത്തിൽ ലഭ്യമായ കരട് രേഖ കൽക്കരി ഉപയോഗം ഇല്ലാതാക്കാനും കൽക്കരിക്ക് നൽകുന്ന കാര്യക്ഷമമല്ലാത്ത സബ്സിഡികൾ നിർത്തലാക്കാനും ഉള്ള നടപടികൾക്ക് വേഗത കൂട്ടാൻ മാത്രമായിട്ടുള്ള നിർദ്ദേശത്തിലേക്ക് പരിമിതപ്പെടാൻ കാരണം ഇതൊക്കെയായിരിക്കാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, ആറായിരത്തിലധികം വരുന്ന ആക്ടിവിസ്റ്റുകളും അക്കാദമിക്കുകളും, എന്‍ജിഓകളും, സയന്റിസ്റ്റുകളും അടങ്ങുന്ന ആറായിരത്തോളം ക്ലൈമറ്റ് ആക്ടിവിസ്റ്റുകളാണ് ഗ്ലാസ്‌ഗോവിലെ ഗ്രീന്‍ സോണില്‍ പല വിധത്തിലുള്ള പ്രതിഷേധങ്ങളും മുന്നറിയിപ്പുകളുമായി കൂടിച്ചേര്‍ന്നിരിക്കുന്നത്. 200 രാജ്യങ്ങളിൽ നിന്ന് 25000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനവുമായി ബന്ധപ്പെട്ട് 10000 പോലീസുകാരെ യുകെയിൽ എമ്പാടും വിന്യസിച്ചിട്ടുണ്ട്. അതേ സമയം തന്നെ 2021 നവംബർ ആറിന് ഗ്ലാസ്ഗോയിൽ നടന്ന പ്രകടനത്തിൽ ഒരു ലക്ഷം പേരോളം പങ്കെടുത്തുവെന്ന് വീഡിയോ പങ്കിട്ടു കൊണ്ട് സൌമ്യദത്ത, സാഗർധാര, സുദർശൻ റാവു തുടങ്ങിയ പരിസ്ഥിതി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മേളയിൽ നടന്നേക്കാവുന്ന വഞ്ചനാപരമായ നടപടികൾക്ക് അറുതി വരുത്തി നേരായ നിലപാടുകൾ എടുക്കാൻ അവർ പ്രകടനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങൾ പല ദിവസങ്ങളിലും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിയ്ക്കുന്നത്. ഇന്ത്യയും ബ്രസീലും അടക്കം 44 രാജ്യങ്ങളിൽ നിന്നുളള അമ്മമാരുടെ പ്രകടനവും അതിലൊന്നായിരുന്നു.
2070ഓടെ പൂജ്യം നിർഗ്ഗമനം എന്ന ഇന്ത്യയുടെ വാഗ്ദാനം തീർത്തും അവ്യക്തമാണെന്ന് ഇതിനോടകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ CO2 മാത്രമാണോ എല്ലാ ഹരിത ഗൃഹ വാതകങ്ങളും പെടുമോ എന്ന ചോദ്യം ഇതിൽ പെടുന്നു. 2030ഓടെ 500ഗിഗാവാട്ട് റിന്യൂവബിൾ പദ്ധതി എന്നത് പ്രായോഗികമാണെന്ന് പറയാൻ കഴിയില്ല. കാരണം, 2022ഓടെ 175 ഗിഗാവാട്ട് പദ്ധതി ലക്ഷ്യമിട്ടിട്ട് ഇതു വരെ 96 ഗിഗാവാട്ട് മാത്രമാണ് ലക്ഷ്യം കാണാനായത്. ഇതിൽ നിന്ന് കിട്ടുന്ന ഊർജത്തിന്റെ കണക്ക് സൂചിപ്പിക്കപ്പെടാത്തതിനാൽ താപ നിലയങ്ങളുടേതിന് പകരം വെയ്ക്കാൻ കഴിയില്ല എന്നത് പലപ്പോഴും തമസ്കരിക്കപ്പെടുന്ന വസ്തുതയുമാണ്. എന്നിരുന്നിട്ടും 2030ഓടെ ഊർജ അനുപാതത്തിൽ പകുതി റിന്യൂവബിൾ എനർജിയിൽ നിന്നായിരിക്കും എന്ന പ്രഖ്യാപനം പ്രധാന മന്ത്രി നടത്തിയത് പ്രായോഗികമായി ദുഷ്കരമാണ് എന്ന് കാണേണ്ടതുണ്ട്. 2030ഓടെ നിർഗ്ഗമന സാന്ദ്രത 35 -45 ശതമാനവും തോത് ഒരു ശതകോടി ടൺ കണ്ടും കുറയ്ക്കുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
 ഗ്ലാസ് ഗോ ഉച്ചകോടിയുടെ പ്രഥമ കരട് രേഖ പ്രകാരം തീരുമാനിച്ച കാര്യങ്ങൾ എല്ലാം തന്നെ കൃത്യമായി നടന്നാൽ പോലും 2.4 ഡിഗ്രിയിലും താഴത്തേയ്ക്ക് താപവർദ്ധനവിനെ നിയന്ത്രിക്കാൻ കഴിയില്ല എന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഇത് തന്നെ ചൂണ്ടിക്കാണിക്കുന്നത് 1.5 ഡിഗ്രിയോ 2 ഡിഗ്രിയോ നിർദ്ദേശിക്കപ്പെട്ട പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന് കാര്യമായി മുന്നോട്ടു കൊണ്ടു പോകാൻ ഗ്ലാസ്ഗോ ഉച്ചകോടിയ്ക്ക് ഇക്കാര്യത്തിൽ കഴിഞ്ഞില്ല എന്ന വസ്തുതയാണ്. Intergovernmental Panel for Climate Change (IPCC)യുടെ കണക്കു കൂട്ടൽ അനുസരിച്ച് 1.5 ഡിഗ്രിക്കപ്പുറം കൂടാതിരിക്കണമെങ്കിൽ 45 ശതമാനം കാർബൺ ഡയോക്സൈഡ് നിർഗമനം 2030ഓടെ ഇല്ലാതാക്കണം. 2 ഡിഗ്രിക്കപ്പുറം പോകാതിരിക്കാൻ 25 ശതമാനമെങ്കിലും ഇല്ലാതാക്കണം. കുറയ്ക്കാത്ത രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. എന്നാൽ ഗ്ലാസ് ഗോ കാണിയ്ക്കുന്നത് ഇതൊന്നും ഫലവത്താകാൻ പോകുന്നില്ലെന്നാണ്.
ഇതൊക്കെയാണെങ്കിലും ഗ്ലാസ്ഗോ ഉച്ചകോടിയും ആസന്നമായ പാരിസ്ഥിതിക-കാലാവസ്ഥാ വ്യതിയാന ഭീകരതയെ അഭിസംബോധന ചെയ്യുന്ന, 200ഓളം രാജ്യങ്ങളിൽ വിവിധ ചർച്ചകളിലൂടെ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്ന ഒന്നായിരുന്നു എന്ന കാര്യവും നാം വിസ്മരിച്ചു കൂടാ. ശാന്ത സമുദ്രത്തിലെ ഒരു ദ്വീപായ തുവാലുവിലെ വിദേശകാര്യ മന്ത്രി സൈമൺ കഫെ ശാന്ത സമുദ്രത്തിൽ മുട്ടോളം ഇറങ്ങി നിന്ന് തന്റെ ദ്വീപിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വിഷയങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് വൻപ്രചാരം ലഭിച്ചത് ഇതിന് ദൃഷ്ടാന്തമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker