BREAKING NEWSKERALA

ഗൗരിയമ്മയ്ക്ക് തലസ്ഥാനം വിടചൊല്ലി

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച് വിപ്ലവതാരകം കെ ആര്‍ ഗൗരിയമ്മയ്ക്ക് തലസ്ഥാനം വിടചൊല്ലി. ഇടയ്ക്കുവച്ച് വഴിപിരിഞ്ഞെങ്കിലും ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും നെഞ്ചോട് ചേര്‍ത്ത അരുവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി പുതച്ചാണ് വിപ്ലവനായിക മടക്കമില്ലാത്ത യാത്ര തുടങ്ങിയിരിക്കുന്നത്.
ഗൗരിയമ്മയുടെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് അരൂരിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി അരൂരിലേക്ക് കൊണ്ടു പോയത്.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോള്‍ കെ. ആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പേരാണ് എത്തിയത്. അയ്യങ്കാളി ഹാള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങള്‍ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. പോലീസ് പാസ്സുള്ളവര്‍ക്ക് മാത്രമാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദമുണ്ടായിരുന്നത്. ഒരു പക്ഷെ കോവിഡ് കാലമല്ലായിരുന്നെങ്കില്‍ പങ്കെടുക്കേണ്ടിയിരുന്ന യാത്രയയപ്പ്.
കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങീ പ്രമുഖര്‍ അയ്യങ്കാളി ഹാളില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. എ വിജയരാഘവനും എംഎ ബേബിയും ചേര്‍ന്ന് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു.
കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കെആര്‍ ഗൗരിയമ്മ. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അന്തരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker