BREAKING NEWSKERALALATEST

ചടയമംഗലത്ത് ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്നും നഗ്‌നപൂജ നടത്തിയെന്നും യുവതിയുടെ പരാതി

കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്‌ന പൂജയ്ക്ക് ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നഗ്‌ന പൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് ഭര്‍തൃമാതാവിനേയും ഭര്‍തൃസഹോദരനേയും കസ്റ്റഡിയിലെടുത്തു.
2016ലാണ് യുവതിയും ചടയമംഗലം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിനുശേഷം മന്ത്രവാദത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നഗ്‌ന പൂജയ്ക്ക് തയ്യാറാകാതിരുന്നപ്പോള്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചു. വിവാഹത്തിന് ശേഷം ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിനുശേഷം മന്ത്രവാദത്തിനെത്തിയ അബ്ദുള്‍ ജബ്ബാര്‍, അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍വെച്ചും മന്ത്രവാദ കേന്ദ്രത്തില്‍വെച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
ഭര്‍തൃസഹോദരിയായ ശ്രുതിയാണ് എല്ലാവര്‍ക്കും കാഴ്ചവയ്ക്കാനായി നിര്‍ബന്ധിച്ചത്. ഭര്‍തൃമാതാവും ഇതിന് കൂട്ടുനിന്നു. സിദ്ധിഖ് എന്നയാള്‍ തന്റെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചുവെന്ന് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അതൊന്നും സാരമില്ല ഇതെല്ലാം മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് ഭര്‍ത്താവ് പറയാറുള്ളതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പീഡനം സഹിക്കാതായതോടെ വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഇവരുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ആരോപണ വിധേയരായ അബ്ദുള്‍ ജബ്ബാര്‍, സിദ്ധിഖ് എന്നിവര്‍ ഒളിവിലാണ്.
പരാതി പുറത്തുവന്നതിന് പിന്നാലെ ചടയമംഗലത്തെ ഭര്‍തൃവീട്ടിലേക്ക് വിവിധ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker