ദില്ലി: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തിനുള്ള സഹായം പ്രഖ്യാപിക്കുന്നത് വൈകിച്ച് കേന്ദ്രം. കേരളം നല്കിയ നിവേദനം ചട്ടപ്രകാരമല്ല എന്ന കാരണം പറഞ്ഞാണ് കേന്ദ്ര സഹായം വൈകിക്കുന്നത്. ആന്ധ്രാപ്രദേശിന് വെള്ളപ്പൊക്കം നേരിടാന മൂവായിരം കോടിയിലധികം രണ്ടു ദിവസം മുമ്പ് കൃഷി മന്ത്രി സംസ്ഥാനത്ത് നേരിട്ടെത്തി പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിനുള്ള സഹായം നീട്ടിക്കൊണ്ടു പോകുന്നത്.
കഴിഞ്ഞ മാസം പത്തിനാണ് വയനാട് മുണ്ടക്കൈയിലെ ദുരന്ത മേഖലയില്‍ പ്രധാനമന്ത്രി എത്തിയത്. എല്ലാ സഹായവും കേരളത്തിന് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ട് 40 ദിവസമായി. കഴിഞ്ഞ മാസം 27നാണ് മുഖ്യമന്ത്രി ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. 25 ദിവസം പിന്നിട്ടിട്ടും ആദ്യ ഗഡു സഹായം പോലും കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ചിട്ടില്ല. ആകെ 3000 കോടി രൂപയുടെ പാക്കേജാണ് ദുരന്തത്തിന് ഇരയായവരെ സഹായിക്കാനും പുനര്‍നിര്‍മ്മാണത്തിനും കേരളം ചോദിച്ചത്. കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിനാണ് കേരളം നല്കിയ നിവേദനം ആഭ്യന്തര മന്ത്രാലയം കൈമാറിയത്.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഈ വര്‍ഷത്തെ വകയിരുത്തല്‍ 388 കോടിയാണ്. ഇതില്‍ 145 കോടി ഇതിനകം കേരളത്തിനു നല്‍കി. അതായത് ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം തുക അനുവദിച്ചാലേ കേരളത്തിന് ആവശ്യമുള്ളത് കിട്ടു. എന്നാല്‍, സംസ്ഥാനം നല്കിയ നിവേദനം ചട്ടപ്രകാരമല്ലെന്നാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. നിവേദനം എങ്ങനെ തയ്യാറാക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടും ഇത് തെറ്റിച്ചു എന്നാണ് വിമര്‍ശനം. വീടിന് കേടു പറ്റിയാല്‍ കേന്ദ്ര സഹായമായി രണ്ട് ലക്ഷത്തില്‍ താഴെ രൂപയാണ് സാധാരണ നല്കാറുള്ളത്. എന്നാല്‍, പത്തു ലക്ഷം ആണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ വാദം എങ്ങനെ അംഗീകരിക്കും എന്നാണ് കേരളത്തിന്റെ ചോദ്യം.
നമ്മുടെ കണക്കനുസരിച്ചുള്ള കണക്കാണ് നമ്മള്‍ നല്‍കിയതെന്നും എല്ലാം പരിശോധിച്ച് കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞു. സാങ്കേതിക വിഷയങ്ങളില്‍ ചര്‍ച്ച തുടരുന്നത് കൊണ്ടാണ് സഹായം വൈകുന്നതെന്ന് കേന്ദ്രം സൂചിപ്പിക്കുന്നു. എന്നാല്‍, ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും കൂടി സഹായം നല്‍കുന്നതിന് കേന്ദ്രത്തിന് ഇതൊന്നും തടസമായില്ല. പ്രളയത്തിന് സംസ്ഥാനത്തിന് അടിയന്തര സഹായമായി 3448 കോടി കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നേരിട്ടെത്തി പ്രഖ്യാപിച്ചു. സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ആന്ധ്രയുടെ കാര്യത്തില്‍ കേന്ദ്രം കാട്ടിയ ഈ വേഗത എന്തായാലും വയനാട് പാക്കേജില്‍ കാണാനില്ല.
71 1 minute read