ENTERTAINMENTMALAYALAM

ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് ഇന്ന് തിരി തെളിയും

കൊച്ചി: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് തുടക്കം. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വൈകിട്ട് ആറ് മണിക്ക് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 21 വർഷങ്ങൾക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ എത്തുന്നത്. 80 ചിത്രങ്ങളാണ് ആറ് തിയറ്ററുകളിലായി പ്രദർശിപ്പിക്കുക. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയൻ ചിത്രം ’ക്വോ വാഡിസ്, ഐഡ’യാണ് ഉദ്ഘാടന ചിത്രം.

രാവിലെ ഒൻപത് മണി മുതൽ പ്രദർശനം ആരംഭിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേളയുടെ 25 വർഷങ്ങളുടെ പ്രതീകമായി കെ.ജി. ജോർജിന്റെ നേതൃത്വത്തിൽ മലയാള സിനിമയിലെ 24 യുവപ്രതിഭകൾ തിരിതെളിക്കും.

തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങൾ തന്നെയാകും കൊച്ചിയിലും പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിൽ ആകെ 14 ചിത്രങ്ങളാണുള്ളത്. നാല് ഇന്ത്യൻ സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നാണ്.

സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. മുഖ്യ വേദിയായ സരിത തിയേറ്റർ കോംപ്ളക്സിലാണ് എക്സിബിഷൻ, ഓപ്പൺ ഫോറം എന്നിവ നടക്കുന്നത്. ഇത്തവണ നാലു മേഖലകളിലായി നടത്തുന്ന മേളയിൽ എല്ലായിടത്തും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുന്നത്.

46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിൽ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളാണുള്ളത്. സമകാലിക ലോകസിനിമ വിഭാഗത്തിൽ 22 സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ’മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ 12 സിനിമകളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴു സിനിമകളും പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തിൽ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഗൊദാർദിന്റെ ആറു സിനിമകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button