BREAKINGKERALA

ചവിട്ടി പുറത്താക്കിയാലും കോണ്‍ഗ്രസ് വിടില്ല, നേതാക്കള്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കണമെന്നും കെ മുരളീധരന്‍

തിരുവനന്തപുരം: ചവിട്ടി പുറത്താക്കിയാലും താനിനി കോണ്‍ഗ്രസ് വിടില്ലെന്ന് കെ മുരളീധരന്‍. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. തൃശ്ശൂര്‍ തോല്‍വി ചര്‍ച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത്. ടി.എന്‍.പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്പില്‍ തനിക്ക് എതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണത്തില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനം. ഓരോയിടത്തും നേതാക്കള്‍ കേന്ദ്രീകരിച്ച് തന്നെ പ്രവര്‍ത്തിക്കണം. അല്ലാതെ ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാര്‍ട്ടി നന്നാവില്ല. തന്റെ വോട്ട് തിരുവനന്തപുരത്താണ്. അവിടെ പി.സി.വിഷ്ണുനാഥിനെ സഹായിക്കും. ഇങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റര്‍ ഒടിച്ചതിന് പിന്നില്‍ ഇരുട്ടത്തിരുന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നവരാണെന്നും അത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്നും പറഞ്ഞ കെ മുരളീധരന്‍, തിരുവനന്തപുരം ഡിസിസി യോഗത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.

Related Articles

Back to top button