BREAKING NEWSKERALALATEST

ചികിത്സാ സഹായതട്ടിപ്പ്: അമ്മയും മകളും അറസ്റ്റില്‍, അമ്മ ബാങ്കിലെ പണം തട്ടിയ കേസിലെ പ്രതി

ചേരാനല്ലൂര്‍: സമൂഹമാധ്യമത്തിലൂടെ ആത്മീയതയുടെ മറയില്‍ തട്ടിപ്പ് നടത്തി ചികിത്സാ സഹായത്തിനെന്ന പേരില്‍ പണം കൈക്കലാക്കിയ അമ്മയും മകളും അറസ്റ്റില്‍. പാലാ ഓലിക്കല്‍ മറിയാമ്മ സെബാസ്റ്റ്യന്‍ (59), അനിത (29) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതര രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവര്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചത്. യഥാര്‍ഥത്തില്‍ കുട്ടിക്കുള്ള ചികിത്സാ സഹായം ആവശ്യപ്പെട്ടു സമൂഹമാധ്യമത്തില്‍ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേക്കു ഇവരുടെ അക്കൗണ്ട് നമ്പര്‍ മാറ്റി ചേര്‍ത്താണ് സഹായം ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ ഒട്ടേറെ പേരില്‍ നിന്നായി പണം ഇവരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു.
വ്യാജ സന്ദേശം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു അമൃത ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം സമൂഹമാധ്യമത്തിന്റെ അഡ്മിനെ അറിയിച്ചത്. തുടര്‍ന്നു പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. അസി.കമ്മിഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍, എസ്‌ഐ സന്തോഷ് മോന്‍, എഎസ്‌ഐ വി.എ.ഷുക്കൂര്‍, സിഗോഷ് പോള്‍ എല്‍വി, ഷീബ, പ്രശാന്ത് ബാബു, പ്രിയ ജിനി, ജാന്‍സി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
3 വര്‍ഷം മുന്‍പ് പാലായിലെ സഹകരണ ബാങ്കില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതിയാണ് മറിയാമ്മ സെബാസ്റ്റ്യന്‍. പാലായിലെ സഹകരണ ബാങ്കിലെ കാഷ്യറായിരുന്നു മറിയാമ്മ. ഇവര്‍ ജോലി ചെയ്തിരുന്ന ബാങ്കില്‍ നിന്ന് പല തവണയായി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്.
പാലായിലെ ഒരു ബാങ്കിന്റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ചതിനു ഇവരുടെ മകന്‍ അരുണ്‍ പിടിയിലായിരുന്നു. മകനെ കള്ളനോട്ടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചതോടെ മറിയാമ്മ ബാങ്കില്‍ എത്തിയില്ല. ഇതേത്തടുര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം കുറവുള്ളതായി കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker