BREAKING NEWSKERALALATEST

ചികിത്സ കിട്ടാതെ 11കാരിയുടെ മരണം; പിതാവും മന്ത്രവാദം നടത്തിയ ബന്ധുവും അറസ്റ്റില്‍

കണ്ണൂര്‍: സിറ്റി നാലുവയലില്‍ ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് അബ്ദുല്‍ സത്താറും മന്ത്രവാദം നടത്തിയ ബന്ധു ഉവൈസുമാണ് അറസ്റ്റിലായത്. പനി ബാധിച്ച എം.എ.ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നു. ബന്ധുവിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണു കേസ്. ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കുട്ടിയുടെ മറ്റൊരു ബന്ധു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഫാത്തിമയുടെ മരണത്തിനിടയാക്കുന്ന രീതിയില്‍ ഇയാള്‍ മന്ത്രവാദം നടത്തിയതായി നേരിട്ട് കണ്ടിട്ടില്ലെന്നും എന്നാല്‍, മുന്‍പുണ്ടായ തന്റെ ഉമ്മയുടെ മരണത്തില്‍ ഇയാളുടെ മന്ത്രവാദത്തിനു പങ്കുള്ളതായി സംശയിക്കുന്നതായും ബന്ധുവിന്റെ മൊഴിയില്‍ പറയുന്നു. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണു തന്റെ സംശയമെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇരുവരും തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങളുണ്ടെന്നതിനാല്‍, മൊഴി വിശദമായി അന്വേഷിക്കാനാണു പൊലീസിന്റെ തീരുമാനം.
കുട്ടിയുടെ മരണത്തിനിടയാക്കുന്ന രീതിയില്‍ മന്ത്രവാദിയുടെ ഇടപെടലുണ്ടായിട്ടുണ്ടോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. മരുന്നോ മറ്റോ നല്‍കുകയും അതു കുട്ടിയുടെ ആരോഗ്യനില തകരാറിലാക്കുകയും ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കും. മന്ത്രവാദ ചികിത്സ പിന്തുടര്‍ന്ന വീട്ടുകാര്‍ യഥാസമയം വൈദ്യ ചികിത്സ നല്‍കാഞ്ഞതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെയും പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ച സര്‍ജന്റെയും മൊഴി രേഖപ്പെടുത്തും. കുട്ടിയുടെ വീട്ടുകാരുടെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതൃസഹോദരന്റെ പരാതിയില്‍ മരണം നടന്ന ദിവസം തന്നെ സിറ്റി പൊലീസ് കേസെടുത്തിരുന്നു. ഏതു തരത്തിലുള്ള മന്ത്രവാദമാണു നടന്നതെന്നും കുട്ടിയെ ഡോക്ടറെ കാണിക്കരുതെന്ന് ആരെങ്കിലും നിര്‍ദേശിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചിരുന്നു. സിറ്റി എസിപി പി.പി. സദാനന്ദന്‍, സിറ്റി ഇന്‍സ്‌പെക്ടര്‍ കെ. രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker