കൊല്ലം: യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം അമ്മയോടൊപ്പം താമസിച്ചത് സംബന്ധിച്ച് ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളില്‍ തങ്കശ്ശേരിയിലെ ഡി ഫോര്‍ട്ട് എന്ന ആയുര്‍വേദ റിസോര്‍ട്ടിനെ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്ന് ഉടമയായ ഡാര്‍വിന്‍ ക്രൂസ്. രാഷ്ട്രീയ കാരണങ്ങളാല്‍ വിവാദം സൃഷ്ടിക്കുമ്പോള്‍ പണം മുടക്കി സ്ഥാപനം നടത്തി വരുന്ന തന്നെപ്പോലുള്ള പ്രവാസികളെ ദയവായി ഒഴിവാക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നതായും ഡാര്‍വിന്‍ പത്രകുറിപ്പില്‍ അറിയിച്ചു.
പ്രവാസിയായ താന്‍ സ്വന്തം നാട്ടില്‍ പണം മുടക്കി സ്ഥാപനം ഉണ്ടാക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും യാതൊരു പ്രത്യേക ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് ഡാര്‍വിന്‍ ക്രൂസ് പറഞ്ഞു. ഒരാള്‍ക്കും നഷ്ടം വരുത്താതെ നിയമങ്ങള്‍ പാലിച്ചാണ് സ്ഥാപനം നടത്തിവരുന്നത്. കൊല്ലം കോര്‍പറേഷന്‍ അംഗീകരിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റ് പ്രകാരം പണി പൂര്‍ത്തിയാകാറായ കെട്ടിടമാണ് വാങ്ങിയത്. തീരദേശ പരിപാലന നിയമങ്ങള്‍ യാതൊന്നും ലംഘിച്ചല്ല കെട്ടിടം നിലനില്‍ക്കുന്നത്. അത്തരത്തില്‍ യാതൊരു നിയമനടപടികളും ഇന്നുവരെ താന്‍ നേരിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപ്രകാരം ഒഴിവാക്കേണ്ട സ്ഥലം ഒഴിവാക്കി തന്നെയാണ് കെട്ടിടം ഇപ്പോഴും നില്‍ക്കുന്നത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി നടത്തിവരുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്നും പിന്മാറണമെന്ന് വിവാദങ്ങള്‍ സൃഷ്ടിച്ചവരോട് അഭ്യര്‍ത്ഥിക്കുന്നു. ചിന്ത ജെറോം വര്‍ഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണ്. നാട്ടില്‍ വരുമ്പോള്‍ ഈ റിസോര്‍ട്ടില്‍ തന്നെയാണ് താനും കുടുംബവും താമസിക്കുന്നതെന്നും ഡാര്‍വിന്‍ ക്രൂസ് പറഞ്ഞു.
ഭാര്യ ഡോ. ഗീതാ ഡാര്‍വിന്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ആയുര്‍വേദ ഡോക്ടറായിരുന്നു. വോളന്ററി റിട്ടയര്‍മെന്റ് നേടിയ ശേഷം ഡോ. ഗീത, ഡി ഫോര്‍ട്ട് ആയുര്‍വേദ റിസോര്‍ട്ടില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. ചിന്ത ജെറോമിന്റെ അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത് തന്റെ ഭാര്യ ഡോ. ഗീത ഡാര്‍വിന്‍ ആണ്. അതിന്റെ ഭാഗമായി ചിന്ത ജെറോമും അമ്മയും താമസിക്കുന്നത് തങ്ങള്‍ നിശ്ചയിച്ച വാടക നല്‍കി തന്നെയാണ്. ഇരുന്നൂറില്‍ പരം തൊഴിലാളികള്‍ക്ക് നേരിട്ടും അതിലേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സൃഷ്ടിച്ചു നല്‍കുന്ന ഒരു സ്ഥാപനത്തെ ക്കുറിച്ചു വസ്തുതകള്‍ക്കു വിരുദ്ധമായി പ്രചാരണം നടത്തുന്നവര്‍ ഉത്തരവാദിത്തമില്ലായ്മ കാണിക്കുകയാണ്. അത്തരം വ്യാജ പ്രചരണം മൂലം ഉണ്ടാകുന്ന നഷ്ടം ഉടമയായ തനിക്ക് മാത്രമല്ല, ഈ സ്ഥാപനം കൊണ്ട് ഉപജീവനം കഴിക്കുന്ന മറ്റു നൂറുകണക്കിന് പേര്‍ക്ക് കൂടിയാണെന്നും ഡാര്‍വിന്‍ ക്രൂസ് ചൂണ്ടിക്കാട്ടി.