BREAKINGINTERNATIONAL

ചീങ്കണ്ണിക്ക് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ മക്കളെ നിര്‍ബന്ധിച്ച് മാതാപിതാക്കള്‍; വീഡിയോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയും അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക എന്നത് മാതാപിതാക്കളുടെ ഏറ്റവും അടിസ്ഥാനപരമായ കടമകളില്‍ ഒന്നാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരില്‍ ഭയമാണ് സൃഷ്ടിച്ചത്. ഒരു ചീങ്കണ്ണിയ്ക്ക് അരികില്‍ നിന്ന് മക്കളെ ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ തീര്‍ത്തും അലക്ഷ്യമായി ഇവര്‍ കുട്ടികളെ അത്യന്തം അപകടകരമായ രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വ്യത്യസ്ത തരത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമായ ഫ്‌ലോറിഡയിലെ എവര്‍ഗ്ലേഡ്‌സ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം.
കഴിഞ്ഞ വര്‍ഷം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പങ്കുവയ്ക്കപ്പെട്ടതോടെയാണ് മാതാപിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. സൈക്കിള്‍ യാത്രക്കാരായ ഒരു കൂട്ടം സഞ്ചാരികളാണ് റോഡ് സൈഡില്‍ ഒരു ചീങ്കണ്ണിയെ കണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി തിരക്ക് കൂട്ടയത്. വീഡിയോയില്‍ തങ്ങളുടെ രണ്ട് പെണ്‍കുട്ടികളെ ഫോട്ടോ എടുക്കുന്നതിനായി മുതലയ്ക്കരികിലേക്ക് നീങ്ങി നില്‍ക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്ന കാഴ്ച കാണാം. എന്നാല്‍ കുട്ടികള്‍ പരിഭ്രാന്തരാകുന്നതും ചീങ്കണ്ണിയ്ക്കരികിലേക്ക് നീങ്ങി നില്‍ക്കാന്‍ മടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍, കുട്ടികളുടെ ഈ വിസമ്മതം കണക്കിലെടുക്കാതെ മാതാപിതാക്കള്‍ മക്കളെ നിര്‍ബന്ധിക്കുന്നത് തുടരുന്നു.
തുടര്‍ന്ന് വായ തുറന്നു കിടക്കുന്ന ചീങ്കണ്ണിക്കരികില്‍ നിന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ചിത്രങ്ങള്‍ പകര്‍ത്താനായി പോസ് ചെയ്യുന്നത് കാണാം. പിന്നാലെ ഒരു പുരുഷനും മറ്റൊരു കുട്ടിയും ചേര്‍ന്ന് അപകടകരമായ രീതിയില്‍ ചിത്രം പകര്‍ത്തുന്നു. ഈ സമയമത്രയും രണ്ട് പെണ്‍കുട്ടികളും ചീങ്കണ്ണിയെയും ശ്രദ്ധിച്ച് മാറി നില്‍ക്കുന്നു. മാതാപിതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം വ്യാപകമായ രോഷത്തിനും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയ്ക്കും കാരണമായി. നിരവധി ഉപയോക്താക്കള്‍ കുട്ടികളുടെ ക്ഷേമത്തേക്കാള്‍ ഫോട്ടോയ്ക്ക് മുന്‍ഗണന നല്‍കിയ മാതാപിതാക്കളെ കുറ്റപ്പെടുത്തി. വൈല്‍ഡ് ഫ്‌ലോറിഡയുടെ അഭിപ്രായത്തില്‍, ചീങ്കണ്ണികള്‍ക്ക് ചെറിയ ദൂരങ്ങളില്‍ വളരെ വേഗത്തില്‍ ഓടിയെത്തി ആക്രമിക്കാന്‍ കഴിയും, മണിക്കൂറില്‍ 35 മൈല്‍ വരെ വേഗതയില്‍ കരയിലൂടെ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്.

Related Articles

Back to top button