പോഷകസമ്പുഷ്ടവും ആരോഗ്യ പരിപാലനത്തിന് ധാരാളം സഹായിക്കുന്നവയുമാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകള്‍ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകള്‍ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര. ഇലകളില്‍ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും, ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീര കൃഷിയില്‍ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാനും പറ്റും.
ഉറുമ്പാണ് ചൂര വിത്തിന്റെ വില്ലന്‍. തടത്തിന്/ഗ്രോബാഗിന് ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്പുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ മുളപ്പിച്ച ശേഷം മണ്ണില്‍ നടുന്നതും ഉറുമ്പിനെ ചെറുക്കാന്‍ സഹായകമാണ്.
കോട്ടണ്‍ തുണിയില്‍ ചീര വിത്ത് കെട്ടിവെച്ച ശേഷം സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ അഞ്ചോ ആറോ മണിക്കൂര്‍ വെക്കണം. രണ്ടുദിവസത്തിനുള്ളില്‍ നല്ല രീതിയില്‍ മുള വരും. ഈ വിത്തുകളാണ് മണ്ണിലേക്ക് നടേണ്ടത്.
ചട്ടിയുടെ/ കവറിന്റെ അടിയില്‍ ട്രേ വെച്ചുകൊടുത്ത് വെള്ളം ഒഴിച്ചാല്‍ വിത്തുകള്‍ ഉറുമ്പ് കൊണ്ടുപോകുകയില്ല.
തയ്യാറാക്കിയ തടത്തില്‍/ഗ്രോബാഗില്‍ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കില്‍ പശിമയുള്ള മണ്ണുമായി കലര്‍ത്തി വിതറിയാണ് വിത്തുപാകല്‍ നടത്തേണ്ടത്. ചീര പാകുമ്പോള്‍ ഒരിക്കലും മുകളില്‍ കനത്തില്‍ മണ്ണ് നിറയ്ക്കരുത്. വിത്തുപാകിയശേഷം പൂപ്പാട്ട കൊണ്ടോ കൈകൊണ്ട് നേര്‍മ്മയായി തളിച്ചോ നനച്ച് കൊടുക്കുമ്പോള്‍ വിത്ത് തനിയെ മണ്ണിനുള്ളിലേക്ക് ഇറങ്ങിക്കോളും. നനച്ചതിനുശേഷം തടത്തിന്/ഗ്രോബാഗിനു മുകളില്‍ കുറച്ചുകൂടി ചാണകപ്പൊടിയോ കമ്പോസ്റ്റോ നേര്‍ത്ത ആവരണം പോലെ വിതറുന്നതും നല്ലതാണ്.
ചൂടിനെ അതിജീവിക്കാനുള്ള കരുത്ത് ചീരയ്ക്കുണ്ട്. നല്ല വളക്കൂറുള്ള മണ്ണില്‍ പത്ത് ദിവസം കഴിയുമ്പോള്‍ വിളവെടുപ്പ് നടത്താം.
ചീരക്കൃഷിയില്‍ ഒരിക്കലും ചാരം ഉപയോഗിക്കരുത്. ചാരം ഉപയോഗിച്ചാല്‍ പെട്ടെന്ന് പൂവിടും
മൂന്നാഴ്ച കഴിയുമ്പോള്‍ ചീര പറിച്ചു നടാം. ഒരു സെന്റിന് 200 ഗ്രാം ചാണകമോ മണ്ണിരക്കമ്പോസ്റ്റോ അടിവളമായി ഉപയോഗിക്കാം. അഞ്ച് ഗ്രാം വിത്തുകൊണ്ട് ഒരു സെന്റ് സ്ഥലത്ത് ചീരവിത്ത് നടാം. ജൈവസഌറിയും നല്ലൊരു വളമാണ്.
ജൈവസഌി നിര്‍മിക്കുന്ന വിധം
100 ഗ്രാം കപ്പലണ്ടി പിണ്ണാക്കും 100 ഗ്രാം ചാണകപ്പൊടിയും എടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലോ അഞ്ചോ ദിവസം വെച്ച് പുളിപ്പിക്കുക. ഇതിന്റെ തെളി ഇരട്ടി വെള്ളവും ചേര്‍ത്ത് ആഴ്ചതോറും തളിച്ചുകൊടുത്താല്‍ ചീര പെട്ടെന്ന് വളര്‍ന്നുവരും.
ഒരു ഗ്രോബാഗിലോ ചട്ടിയിലോ ഒരേ സമയം ഏഴോ എട്ടോ ചീര വളര്‍ത്താം. വഴുതന നടുമ്പോള്‍ ചുറ്റിലും ചീര വെച്ചാല്‍ വഴുതന പൂക്കാറാകുമ്പോള്‍ ചീര വിളവെടുക്കാന്‍ പറ്റും.