BREAKING NEWSWORLD

ചുമയും ജലദോഷവും; പരിശോധനയില്‍ 13 ഗൊറില്ലകള്‍ കൊവിഡ് പോസിറ്റീവ്

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മൃഗശാലയിലെ 13 ഗൊറില്ലകള്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇവിടുത്തെ ഏറ്റവും പ്രായം കൂടിയ ആണ്‍ ഗൊറില്ലയായ ഓസി (60) ഉള്‍പ്പെടെയുള്ള ഗൊറില്ലകള്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഗൊറില്ലകള്‍ക്ക് ചുമയും മൂക്കൊലിപ്പും ഭക്ഷണത്തോടുള്ള മടുപ്പും ശ്രദ്ധയില്‍പ്പെട്ട മൃഗശാല അധികൃതര്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ജോര്‍ജിയയിലെ വൈറ്റിനറി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഗൊറില്ലകള്‍ കൊവിഡ് പോസിറ്റീവാണെന്ന റിസള്‍ട്ട് വന്നത്. ലോവയിലെ നാഷണല്‍ വെറ്റിനറി സര്‍വീസ് ലാബില്‍ നിന്നുള്ള പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.
ജോര്‍ജിയ സര്‍വകലാശാലയുടെ വെറ്റിനറി ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലായില്‍ നടന്ന പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ സങ്കീര്‍ണ്ണതയ്ക്കുള്ള സാഹചര്യം പരിഗണിച്ച് ഇവയെ നിരീക്ഷിച്ച് വരികയാണെന്നും അധികൃതര്‍ പറഞ്ഞു.
മൃഗശാലയിലുള്ള 20 ഗൊറില്ലകളെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഗൊറില്ലകളെ പരിചരിക്കുന്ന ജീവനക്കാരില്‍ നിന്നാകാം ഇവയ്ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഇവിടുത്തെ ജീവനക്കാരെല്ലാം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. മാസ്‌കും കൈയുറകളും പോലുള്ള സുരക്ഷാ മുന്‍കരുതലുകളും ഇവര്‍ സ്വീകരിക്കാറുണ്ട്.
ഗൊറില്ലകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ പകരുമെന്നതിന് തെളിവുകളില്ലെന്നും സന്ദര്‍ശകരില്‍ നിന്ന് ഒരുപാട് അകലെയായാണ് ഗൊറില്ലകള്‍ കഴിയുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ ആശങ്കകുലരാണെന്ന് മൃഗശാലയിലെ സീനിയര്‍ ഹെല്‍ത്ത് ഡയറക്ടര്‍ സാം റിവേര പ്രസ്താവനയിലൂടെ പറഞ്ഞു.
60 കാരനായ ഒസിയ്ക്ക് വൈറസ് ബാധ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. ഗൊറില്ലകളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker