BREAKINGENTERTAINMENTNATIONAL

‘ചുവപ്പും മഞ്ഞയും നിറം, മഞ്ഞയില്‍ ആനയും മയിലും’, പാര്‍ട്ടിയുടെ പതാക അവതരിപ്പിച്ച് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക അവതരിപ്പിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാര്‍ട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയില്‍ വിജയ് പതാക അവതരിപ്പിച്ചത്. പതാകയേക്കുറിച്ച് വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയില്‍ ഉറച്ചുനില്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും വിജയ് വ്യക്തമാക്കുന്നത്. മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവന്‍ ബലി നല്‍കിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കുന്നു. പാര്‍ട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്.
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാലക്രമേണ പാര്‍ട്ടി രൂപീകരണത്തിലേക്ക് എത്തിയിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്‌നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Related Articles

Back to top button