തിരുവനന്തപുരം: ഒരു നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഹരിപ്പാട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ദൂതന് തന്നെ സമീപിച്ചിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. നിങ്ങള്‍ കൂടി സഹായിച്ചാല്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലല്ല, അതിന് മുന്നേ നടന്ന ഒരു തെരഞ്ഞെടുപ്പ് കാലത്തായിരുന്നു സംഭവമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് ആരെയെങ്കിലും തോല്‍പ്പിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ്, ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളളാപ്പള്ളി വെളിപ്പെടുത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ ദൂതനായിട്ടാണ് അയാള്‍ വന്നതെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി. ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പിലല്ല, അതിനു മുന്നേ നടന്ന ഒരു തെരഞ്ഞെടുപ്പിലായിരുന്നു അത്. തങ്ങളുടെ സഭക്കാരുടെ വോട്ടുകള്‍ക്ക് പുറമെ നിങ്ങള്‍ കൂടി സഹായിച്ചാല്‍ ചെന്നിത്തലയെ തോല്‍പ്പിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ സഭയുടെ ഏഴായിരം വോട്ടുകള്‍ അവിടെയുണ്ട്. ആ ആളുകള്‍ക്ക് പുറമെ നിങ്ങള്‍ കൂടി സഹായിച്ചാല്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാം എന്നായിരുന്നു ദൂതന് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയാണ് ദൂതനെ പറഞ്ഞയച്ചതെന്ന് ഞാന്‍ പറയുന്നില്ല. അവരുടെ സഭയുടെ ആളായിരുന്നു വന്നത്. ആ പണിക്ക് ഞങ്ങള്‍ ഇല്ലെന്നായിരുന്നു താന്‍ നല്കിയ മറുപടിയെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
രമേശ് ചെന്നിത്തല തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നോക്കിയിരുന്നെന്നും വെള്ളാപ്പള്ളി ഓര്‍മ്മിച്ചു. കെ പി സി സി പ്രസിഡന്റെയിരുന്ന വിഎം സുധീരന് എഴുതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ ഉത്തരവിട്ടു. ഈഴവനായ എന്നെ തെറിപറഞ്ഞാല്‍ മറ്റ് സമുദായങ്ങളുടെ പിന്തുണയും വോട്ടും ലഭിക്കുമെന്ന രാഷ്ട്രീയ അടവുനയമാണ് സുധീരന് പയറ്റിയത്.
രമേശ് ചെന്നിത്തല നേരെ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് കുത്തുകയായിരുന്നെന്നും വെള്ളാപ്പള്ളി നടേശന് അഭിമുഖത്തിനിടെ പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ലഭിച്ച പൗള്‍ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന് സ്ഥാനം തിരിച്ചെടുത്തതിനെക്കുറിച്ചാണ് ഈ പരാമര്‍ശം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം തങ്ങള്‍ക്ക് ലഭിച്ച സ്ഥാനമാണ് ഉമ്മന്‍ ചാണ്ടി ഇടപെട്ട് തിരിച്ചെടുത്തതെന്നും എസ്എന്‍ഡിപി യോഗം സെക്രട്ടറി ആരോപിച്ചു.
മാണി സാറുമായി ആ തെരഞ്ഞെടുപ്പില്‍ ഒരു ധാരണയുണ്ടായിരുന്നു. സാറ് ജയിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കോര്പ്പറേഷന് സ്ഥാനം തരണമെന്ന് പറഞ്ഞു. തീര്‍ച്ചയായും തരുമെന്ന് അദ്ദേഹം മറുപടിയും നല്കി. ജയിച്ച് കഴിഞ്ഞപ്പോള്‍ ഏത് വേണമെന്ന് ചോദിച്ചു, പൗള്‍ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയുമില്ലാതെ അദ്ദേഹം അത് ഞങ്ങള്‍ക്ക് തന്നു. എന്നാല്‍ പിന്നീട് ഉമ്മന്‍ ചാണ്ടി ഇടപെട്ട് പൗള്‍ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന് കോണ്‍ഗ്രസ് ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടിയുടെ ഒരു മാനസ പുത്രന് നല്കി. ഇക്കാര്യം ഞാന്‍ മാണി സാറിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞത്, വെള്ളാപ്പള്ളി.. എനിക്ക് വിഷമുണ്ട്, പക്ഷേ ഞാന്‍ ബലഹീനനാണെന്നാണ്.