ആറ് വയസുകാരിയായ മകളെ ചൂടുള്ള നടപ്പാതയിലൂടെ നഗ്നപാദയായി നടത്തിയ അമ്മയ്ക്കെതിരെ ജനരോഷം. തായ്വാനില് ആണ് സംഭവം. ആറു വയസ്സുകാരിയായ മകള്‍ ചെരുപ്പ് നഷ്ടപ്പെടുത്തിയതില്‍ പ്രകോപിതയായ അമ്മ കുട്ടിയെ ചെരുപ്പുകള്‍ ഇടീക്കാതെ ചൂടുള്ള കോണ്‍ക്രീറ്റ് പാതയിലൂടെ നടത്തി ശിക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും മറ്റും സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഇവര്‍ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
ജൂലൈ 14 -ന്, വടക്കന്‍ തായ്വാനിലെ ഹ്സിഞ്ചു നഗരത്തിലെ ഒരു സ്ത്രീയാണ് ആറു വയസ്സ് മാത്രം പ്രായമുള്ള മകളോട് ഇത്തരത്തില്‍ ഒരു ക്രൂരത ചെയ്തത്. ചെരുപ്പ് നഷ്ടപ്പെടുത്തിയതിന് ഇവര്‍ കുട്ടിയെ ശകാരിക്കുകയും ശേഷം ശിക്ഷയായി ചൂടുള്ള നടപ്പാതയിലൂടെ ചെരുപ്പുകള്‍ ധരിപ്പിക്കാതെ നടത്തിക്കുകയും ആയിരുന്നു. തായ്വാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ചുട്ടുപൊള്ളുന്ന റോഡിലൂടെ ഇവര്‍ കുട്ടിയെ 20 മിനിറ്റോളം സമയമാണ് നടത്തിയത്. അന്നത്തെ താപനില 34 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമ്മേ കാല് പൊള്ളുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് കുട്ടി നിലവിളിച്ചിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം കയ്യില്‍ പിടിച്ച് വലിച്ചുകൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരില്‍ ഒരാളാണ് ഈ ക്രൂരത ക്യാമറയില്‍ പകര്‍ത്തിയത്. ഒപ്പം ഇദ്ദേഹം കുട്ടിയെ ഇങ്ങനെ നടത്തരുതെന്നും ഇത് ക്രൂരതയാണെന്നും സ്ത്രീയോട് അഭ്യര്‍ത്ഥിച്ചെങ്കിലും പോയി പൊലീസില്‍ പരാതി നല്‍കാനായിരുന്നു സ്ത്രീയുടെ മറുപടി. താന്‍ ഷൂ വാങ്ങിത്തരാം എന്ന് വഴിയാത്രക്കാരന് പറഞ്ഞെങ്കിലും അതിനും അവര്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് വഴിയാത്രക്കാരില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രാദേശിക ഭരണസമിതി സാമൂഹിക പ്രവര്‍ത്തകരെ യുവതിയുടെ വീട്ടിലേക്ക് അന്വേഷണത്തിനായി അയച്ചു. പരിശോധനയില്‍ പെണ്‍കുട്ടിയുടെ പാദങ്ങളില്‍ പൊള്ളലും മുറിവും കണ്ടതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. യുണൈറ്റഡ് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് സ്ഥിരമായ ജോലിയില്ലാത്ത സിംഗിള്‍ മദറാണ് പെണ്‍കുട്ടിയുടെ അമ്മ. ഇവര്‍ മകളോടൊപ്പം ഒരു വാടകവീട്ടിലാണ് താമസം. നിലവില്‍ ഇവര്‍ക്കെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെങ്കിലും ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്ന് പൊലീസ് അറിയിച്ചു.
44 1 minute read