BREAKING NEWSKERALA

ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും

തിരുവനന്തപുരം: സിപിഎമ്മിനോടും സര്‍ക്കാരിനോടുമുള്ള അകല്‍ച്ച വ്യക്തമാക്കിയ ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയേക്കും. കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹവുമായി അനൗപചാരിക ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. ചില യുവ നേതാക്കള്‍, സമീപകാലത്ത് കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കാന്‍ കഴിയുന്നത് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചെറിയാനുമായി സംസാരിച്ചു. അതേസമയം തിരിച്ചെത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്ന നിലപാടാണ് ചെറിയാന് ഇപ്പോഴുമുള്ളത്. ഉമ്മന്‍ചാണ്ടിയും ചെറിയാനും പങ്കെടുക്കുന്ന ഒരു ചടങ്ങ് അടുത്തയാഴ്ച തിരുവനന്തപുരത്ത് ഉണ്ട്.
നിലവില്‍ കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം. അതിനുശേഷം കൂടിയാലോചനകള്‍ക്ക് ഗതിവേഗം ഉണ്ടായേക്കും. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് വിട്ട് പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ചെറിയാന്‍ പക്ഷേ പിന്നീടും കോണ്‍ഗ്രസ് നേതാക്കളുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു.
രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴയപ്പെട്ടശേഷം സിപിഎമ്മുമായി അകന്ന ചെറിയാന് ഇത്തവണ ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതു നിരസിച്ച ശേഷമാണ് കഴിഞ്ഞ ദിവസം വെള്ളപ്പൊക്ക കെടുതിയുടെ പേരില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെറിയാനുമായി ഇടയ്ക്ക് അനുരഞ്ജന സംഭാഷണങ്ങള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker