BREAKINGKERALA

ചെറുതുരുത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇഖ്ബാലിനെയും പ്രതി ചേര്‍ത്തു. ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ചെറുതുരുത്തിയില്‍ പ്രതിഷേധം നടത്തിയതിനും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രതിഷേധം നടത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. ചെറുതുരുത്തി സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചെറുതുരുത്തിയിലെ വികസന മുരടിപ്പിനെതിരെ തലകുത്തി നിന്ന് പ്രതിഷേധിക്കാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഷാദ് തലശ്ശേരിയും ബന്ധുവും എത്തി. പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകരെത്തി പൊതിരെ തല്ലിയെന്നാണ് നിഷാദിന്റെ പരാതി. പൊലീസ് സ്ഥലത്തുണ്ടായിട്ടും സംഘര്‍ഷം തടഞ്ഞില്ലെന്ന് ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
പിന്നാലെയാണ് തങ്ങളെയാണ് മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇരുവിഭാഗവും തമ്മില്‍ പോര്‍വിളി നടത്തി.

Related Articles

Back to top button