HEALTH

ചെറുപ്പക്കാരില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടുന്നതിന് കാരണങ്ങള്‍

ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് കാരണമാകുന്ന ആരോഗ്യപ്രശ്‌നമാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ ഹാര്‍ട്ട് അറ്റാക്ക് കാരണം മരണമടയുന്നു. ഹൃദയ രോഗങ്ങള്‍ (കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസ് സിവിഡി) ആണ് ആഗോളതലത്തില്‍ മനുഷ്യരുടെ മരണ കാരണത്തില്‍ ഒന്നാമത്. സിവിഡി മരണങ്ങളില്‍ അഞ്ചില്‍ നാലെണ്ണം ഹൃദയാഘാതം മൂലമാണ്. ഇതില്‍ മൂന്നിലൊന്ന് മരണവും 70 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് യുഎന്‍ ആരോഗ്യ ഏജന്‍സി വ്യക്തമാക്കുന്നു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ 2019 ലെ കോണ്‍ഫറന്‍സില്‍ ചെറുപ്പക്കാരിലും (4050 വയസ്സ്) വളരെ ചെറുപ്പമുള്ളവരിലും (40 വയസിന് താഴെ) ഹൃദയാഘാതമുണ്ടാകുന്ന പ്രവണത കൂടുതലാണെന്ന് വ്യക്തമാക്കുന്നുണ്ട്. 40 വയസ്സിന് താഴെയുള്ള മുതിര്‍ന്നവരുടെ അനുപാതം കഴിഞ്ഞ 10 വര്‍ഷമായി രണ്ട് ശതമാനം വര്‍ദ്ധിച്ചു. എന്തുകൊണ്ടാണ് ചെറുപ്പക്കാര്‍ പെട്ടെന്ന് ഹൃദയാഘാതത്തിന് ഇരയാകുന്നത്?

ചെറുപ്പക്കാരില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടുന്നത് എന്തുകൊണ്ട്?

ഹൃദയാഘാതത്തിന്റെ കാരണങ്ങളെക്കുറിച്ച് പൊതുവായി പല ധാരണകളുമുണ്ട്, അവയില്‍ മിക്കതും തടയാവുന്നതും ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതുമാണ്. ഹൃദയാഘാതത്തെക്കുറിച്ചുള്ള ലളിതമായ നിര്‍വ്വചനം ഇങ്ങനെ പറയുന്നു, ഹൃദയത്തിന്റെ ഒരു ചെറിയ ഭാഗത്തേക്ക് ഭാഗികമായി ഹ്രസ്വകാലത്തേക്ക് രക്ത വിതരണം തടസ്സപ്പെടുത്തുന്നു, അല്ലെങ്കില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഒരു നീണ്ട കാലയളവില്‍ ഇത് പൂര്‍ണ്ണമായി സംഭവിക്കാം. ഇത് രണ്ടും ഹൃദയത്തിന്റെ, പെട്ടെന്നുള്ള സ്തംഭനത്തിലേക്ക് നയിക്കുന്നു. ഒരു തവണ ഹൃദയാഘാതം ഉണ്ടായ ആളുകളില്‍ അത് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.
കൊറോണറി ഹാര്‍ട്ട് ഡിസീസ് (സിഎച്ച്ഡി) ആണ് ഹൃദയാഘാതത്തിന് പ്രധാന കാരണം. കൊറോണറി ധമനികള്‍ (ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകള്‍) ഫലകങ്ങള്‍ എന്നറിയപ്പെടുന്ന കൊളസ്‌ട്രോള്‍ അടിയുന്നതുമൂലം അടഞ്ഞുപോകുന്ന ഒരു അവസ്ഥയാണിത്, ഇത് ധമനികളുടെ സങ്കോചത്തിലേക്ക് നയിക്കുന്നു. ഹൃദയത്തിന് കാര്യമായ നാശനഷ്ടമുണ്ടാക്കാന്‍ ഇത് വര്‍ഷങ്ങളെടുക്കുമെങ്കിലും, അതിന്റെ രൂപീകരണം ജീവിതത്തിന്റെ യൌവ്വനാരംഭത്തില്‍ തന്നെ തുടങ്ങും. മറ്റ് സഹരോഗാവസ്ഥകളും ഇന്നത്തെ യുവാക്കളുടെ അനാരോഗ്യകരമായ ജീവിതശൈലിയും കാരണം, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
ചെറുപ്പക്കാര്‍ മനസ് വെച്ചാല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കാനാകും. പാരമ്പര്യമായുള്ള പ്രമേഹം, രക്താതിമര്‍ദ്ദം, അമിതവണ്ണം, ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ, ജനിതക ഹൃദയ വൈകല്യങ്ങള്‍ എന്നിവ ഹൃയാഘാതത്തിന്റെ പ്രധാന കാരണങ്ങളാണ്, എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ദൈനംദിന വ്യായാമം, പുകയില ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലൂടെ ഇത് തടയാനാകും. മദ്യം, ലഹരി വസ്തുക്കള്‍. സജീവമായ പുകവലി, പാസീവ് സ്‌മോക്കിങ് എന്നിവയൊക്കെ ചെറുപ്പക്കാരില്‍ ഹൃദയരോഗങ്ങള്‍ ഉടലെടുക്കാനുള്ള കാരണങ്ങളാണ്.
ഇക്കാലത്തെ തെറ്റായ ചില ശീലങ്ങളും ഹൃദയാഘാതത്തിലേക്ക് നയിക്കും. ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമായി മണിക്കൂറുകളോളം ഒരിടത്ത് ചടഞ്ഞിരിക്കുന്നത് അത്യന്തം അപകടകരമാണ്. ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളിലും തൊഴിലാളികള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും ഹൃദയാരോഗ്യം നശിപ്പിക്കും. ആംഫെറ്റാമൈനുകള്‍, മെത്താംഫെറ്റാമൈന്‍ തുടങ്ങിയ തരം ഉത്തേജകമരുന്നുകളുടെ അമിതോപയോഗം പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകും.
ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലവും പിന്തുടരുക എന്നത് മാത്രമാണ് ഹാര്‍ട്ട് അറ്റാക്കില്‍നിന്നു രക്ഷപെടാനുള്ള മാര്‍ഗം. മുടങ്ങാതെയുള്ള വ്യായാമവും ഒരു പരിധി വരെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker