ഒല്ലൂര്‍: ‘ഒഴുകുന്ന സ്വര്‍ണം’ എന്നറിയപ്പെടുന്ന 18 കിലോ ‘ആംബര്‍ ഗ്രീസ്’ ചേറ്റുവയില്‍ പിടികൂടി. തിമിംഗിലത്തിന്റെ വിസര്ജ്യമാണിത്. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയില്‍ ഇതിന് 30 കോടി രൂപ വിലവരുമെന്ന് വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി സ്വദേശി റഫീക്ക് (47), പാലയൂര്‍ സ്വദേശി ഫൈസല്‍ (40), ആലുവ ശ്രീമൂലനഗരം സ്വദേശി ഹംസ (49) എന്നിവരെ അറസ്റ്റ് ചെയ്തു. മീന്‍ പിടിക്കാന്‍ പോയവരില്‍ നിന്നാണ് ഇത് ലഭിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇത് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നില്ല. കേരളത്തില്‍ ഈ സംഭവം ആദ്യത്തേതാണ്. മുമ്പ് ആന്ധ്രയില്‍നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് ആംബര്‍ ഗ്രീസ് പിടികൂടിയിട്ടുള്ളത്. വനം വകുപ്പ് വിജിലന്‍സ് ഫ്ളയിങ് സ്ക്വാഡും അന്വേഷണസംഘത്തിലുണ്ടായിരുന്നു. 1982ലെ അന്താരാഷ്ട്ര കരാര്‍ പ്രകാരമാണ് തിമിംഗിലവേട്ടയ്ക്കൊപ്പം ആംബര്‍ ഗ്രീസിന്റെ കൈമാറ്റവും നിരോധിച്ചത്. ഇന്ത്യ ഈ കരാര്‍ അംഗീകരിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുമില്ല.
തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിലെ പിത്തസ്രവത്തില് നിന്ന് മെഴുകുപോലെ രൂപപ്പെടുന്ന ഖരവസ്തുവാണ് ആംബര്‍ ഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ ഇത്, മുന്‍കാലങ്ങളില്‍ സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. കടല്‍ത്തീരത്തെ മണലില്‍ ഇത് അടിഞ്ഞുകാണപ്പെടാറുണ്ട്.
സാധാരണയായി തിമിംഗിലങ്ങള്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം ആംബര്‍ ഗ്രീസ് വിസര്‍ജിക്കുന്നു. എന്നാല്‍ ഏറെ വലുപ്പമുള്ള ആംബര്‍ ഗ്രീസ് പിണ്ഡങ്ങളെ അവ ഛര്‍ദിച്ചുകളയുന്ന പതിവുണ്ട്.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ബ്രസീല്‍, മഡഗാസ്കര്‍ തീരങ്ങളിലും ആഫ്രിക്ക, പൂര്‍വേന്ത്യന്‍ ദ്വീപുകള്‍, മാലദ്വീപ്, ചൈന, ജപ്പാന്, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, മൊളൂക്കാ ദ്വീപുകള്‍ എന്നിവയുടെ തീരങ്ങളിലും ആംബര്‍ ഗ്രീസ് കാണാറുണ്ട്.