LATESTBREAKING NEWSTOP STORYWORLD

ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത്; ആശങ്കയോടെ ഇന്ത്യ

ഇന്ത്യയുടെ ആശങ്കകള്‍ക്കിടെ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തെത്തി. കപ്പലില്‍ ഏകദേശം 2000ത്തോളം നാവികരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് ചാരക്കപ്പല്‍ ലങ്കന്‍ തുറമുഖത്തെത്തിയത്. കപ്പലിന്റെ വരവില്‍ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു.

കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉപഗ്രഹ സിഗ്‌നലുകളുടെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

ഓഗസ്റ്റ് 16 മുതല്‍ 22 വരെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നതെന്ന് ശ്രീലങ്കന്‍ തുറമുഖമന്ത്രി നിര്‍മല്‍ പിസില്‍വ പറഞ്ഞു. ഹംബന്‍തോട്ടയില്‍ ഓഗസ്റ്റ് 11നു കപ്പല്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നു കപ്പലിനു പ്രവേശനാനുമതി നല്‍കുന്നത് നീണ്ടു.

750 കിലോമീറ്റര്‍ ആകാശ പരിധിയിലെ സകല സിഗ്‌നലുകളും പിടിച്ചെടുക്കാന്‍ ചൈനീസ് ചാരനു കഴിയുമെന്നതിനാല്‍ കൂടംകുളം, കല്‍പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഏജന്‍സികള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker