BREAKING NEWSKERALA

ചൈനീസ് ഭരണകൂടം ആവേശം, പ്രവര്‍ത്തനം മാതൃകാപരം, അഭിവാദ്യങ്ങള്‍: സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അടിപതറാതെ കോവിഡ് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണ്. നൂറു വര്‍ഷത്തിനുള്ളില്‍ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുമെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ പ്രസ്താവന ആവേശകരമാണെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ കുറിച്ചു.

എ.വിജയരാഘവന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം…

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചിട്ട് ഇന്ന് നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ 1949ല്‍ സ. മാവോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ ഏറുമ്പോള്‍ അങ്ങേയറ്റം ദാരിദ്രമായ ജനതയായിരുന്നു ചൈനയിലേത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായും ശാസ്ത്ര സാങ്കേതിക രംഗത്ത് പകരം വയ്ക്കാന്‍ സാധിക്കാത്ത വിധം നേട്ടങ്ങള്‍ കൊയ്തും മെച്ചപ്പെട്ട ജീവിത പശ്ചാത്തലമുള്ള സമൂഹമായും ചൈന വളരുമ്പോള്‍ അത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടി പിന്തുടര്‍ന്ന സോഷ്യലിസ്റ്റ് വികസന പാതയുടെ ശരിമയാണ് കാണിക്കുന്നത്.
കോവിഡിന് മുന്നില്‍ ലോകം മുഴുവന്‍ പോരടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യമായിട്ടുകൂടി അടിപതറാതെ നിന്ന് നേരിട്ട് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണ്. വ്യാജ പ്രചരണങ്ങള്‍ കൊണ്ട് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ കാലങ്ങളായി നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്ന ചൈനീസ് വിരുദ്ധ പൊതുബോധത്തില്‍പ്പെടാതെ, പ്രതിസന്ധികളില്‍ എങ്ങനെയാണ് ആ ഭരണകൂടം തങ്ങളുടെ ജനതയെ ചേര്‍ത്ത് പിടിച്ചതെന്ന് നാം മനസിലാക്കേണ്ടതാണ്. ഇന്ന് ലോകത്താകമാനം തൊഴിലാളി വര്‍ഗ്ഗം നടത്തുന്ന ചെറുതും വലുതുമായ സമരങ്ങള്‍ക്കും സാമ്രാജ്യത്വമുതലാളിത്ത വിരുദ്ധ പോരാട്ടങ്ങള്‍ക്കും ചൈനയുടെ സാന്നിദ്ധ്യം നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്.
സാമ്പത്തിക രംഗത്ത് പലവിധ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് ലോക വീക്ഷണത്തില്‍ നിന്നോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന സംഘടനാ തത്വങ്ങളില്‍ നിന്നോ കടുകിട മാറുന്നില്ല എന്നത് തന്നെയാണ് ചൈനയുടെ വിജയ രഹസ്യം. അതാണ് ലോകത്താകമാനമുള്ള തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പ്രചാരകന്മാര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ പഠിച്ചെടുക്കേണ്ട പ്രധാനപാഠം.
ആദ്യ നൂറു വര്‍ഷം കൊണ്ട് ചൈനയുടെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്ത് ചൈനീസ് സമൂഹത്തെ ഒരുവിധം സമൃദ്ധിയുള്ള സമൂഹമാക്കി മാറ്റാന്‍ (moderately prosperous) കഴിഞ്ഞെന്നും അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് (great modern socialist) രാജ്യമാക്കി മാറ്റുമെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നൂറാം വാര്‍ഷികാഘോഷ വേളയില്‍ പറഞ്ഞത്. ആവേശകരമാണ് ആ വാക്കുകള്‍…..സിപിസിക്ക് അഭിവാദ്യങ്ങള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker