LATESTWORLD

ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ ഭൂമിയില്‍ പതിക്കും, ആശങ്കയോടെ ലോകം

വാഷിങ്ടണ്‍: നിയന്ത്രണംനഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ വാരാന്ത്യത്തോടെ ഭൂമിയില്‍ പതിച്ചേക്കുമെന്ന പേടിയില്‍ ലോകം. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് കാരണമാകുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലര്‍ച്ചെയോ റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടണ്‍ ഭാരമുള്ള ഭാഗമാണ് വേര്‍പ്പെട്ടത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങള്‍. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.
അശ്രദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ചൈനയ്ക്കുനേരെ കടുത്തവിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തില്‍ പതിക്കുമെന്നും ചൈന വ്യക്തമാക്കി. റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു.
ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്ന് യു.എസിലെ ഹാര്‍വാഡ്‌സ്മിത്ത്‌സോനിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ഗവേഷകന്‍ ജൊനാഥന്‍ മക്‌ഡോവല്‍ പറഞ്ഞു. ”ഇതു റോക്കറ്റിന്റെ രണ്ടാം വിക്ഷേപണമാണ്. ആദ്യവിക്ഷേപണത്തിന്റെ അവശിഷ്ടങ്ങള്‍ ഐവറികോസ്റ്റില്‍നിന്നും കഴിഞ്ഞ വര്‍ഷം കണ്ടെടുത്തിരുന്നു.” ജൊനാഥന്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button