കൊച്ചി: ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലായിരുന്നു മരണം. ബൈക്ക് തെന്നി വീഴുകയും തല ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടി രഹന ഫാത്തിമ അഭിനയിച്ച വിവാദ സിനിമ ഏകയുടെ ക്യാമറമാനായിരുന്നു. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉടന്‍ പുറത്തു വരാനിരിക്കുന്ന ‘കാക്ക’ ഉള്‍പ്പെടെ നിരവധി ഷോർട്ട് ഫിലിമുകള്‍ക്കു വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മോഡലിങ് ഫൊട്ടോഗ്രഫിയിലും സജീവമായിരുന്നു. കോവിഡ് പരിശോധനാ ഫലം ലഭിച്ച്, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമായിരിക്കും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.