തിരുവനന്തപുരം: കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച ചേരും. ജനപ്രതിനിധികള്‍ക്ക് കെ.പി.സി.സി. ഭാരവാഹിയാകാന്‍ വിലക്കുണ്ടാകില്ല. ഡി.സി.സി. പ്രസിഡന്റായി എം.പി., എം.എല്‍.എ.മാരെ നിയമിക്കില്ല. ജില്ലയിലാകെ പ്രവര്ത്തിക്കേണ്ടതിനാലാണിത്.
ജംബോ സമിതികള്‍ക്ക് പകരം പരമാവധി 15 ഭാരവാഹികളെന്നതാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ താത്പര്യം. വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മൂന്ന് വീതവും സെക്രട്ടറിമാര്‍ അഞ്ചും എന്ന നിര്‍ദേശമാണ് ഉയരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതൃത്വം കൂടുതല്‍ ഭാരവാഹികള്‍ വേണമെന്ന താത്പര്യത്തിലാണ്.
ജനപ്രതിനിധികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടെന്നാണ് ധാരണ. ഇടക്കാലത്ത് ഒരാള്‍ക്ക് ഒരു പദവിയെന്ന നിബന്ധന നടപ്പാക്കിയിരുന്നെങ്കിലും അതില്‍ കടുംപിടിത്തം ഉണ്ടാകില്ല. പ്രായപരിധിയും മാനദണ്ഡങ്ങളില്‍പ്പെടില്ല. കെ.പി.സി.സി. പ്രസിഡന്റിന് ബാധകമാക്കാത്ത പ്രായപരിധി മറ്റ് ഭാരവാഹികള്‍ക്ക് അടിച്ചേല്‍പ്പിക്കുന്നത് ഉചിതമല്ലെന്നാണ് ചിന്ത.
ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനു ശേഷമായിരിക്കും പേരുകള്‍ വെച്ചുള്ള ചര്‍ച്ച. ജൂലായ് 15നകം ഭാരവാഹികള്‍ നിലവില്‍ വരണമെന്ന നിലയില്‍ സമയക്രമം നിശ്ചയിക്കും. മാനദണ്ഡങ്ങള്‍ക്ക് രൂപംനല്കാന് കെ. സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിവരികയാണ്.
മിക്ക ഡി.സി.സി.കളിലും പുതിയ പ്രസിഡന്റുമാര്‍ വരും. കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളെ നിശ്ചയിക്കുന്നത് ഒരു പാക്കേജിന്റെ ഭാഗമായിട്ടാകും നടപ്പാക്കുക. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായിരിക്കുന്ന ചിലര്‍ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് മാറാന്‍ സാധ്യതയുണ്ട്. സ്ഥാനമൊഴിയുന്ന ഡി.സി.സി. പ്രസിഡന്റുമാര്‍ കെ.പി.സി.സി. ഭാരവാഹിത്വത്തിലേക്കും വന്നേക്കാം. കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയില്‍ സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഗ്രൂപ്പ് നേതൃത്വം നല്കുന്ന പട്ടിക അതേപടി അംഗീകരിക്കുന്ന രീതിക്ക് മാറ്റംവരാം. ഗ്രൂപ്പില്പ്പെട്ടവരായാലും കഴിവ് നോക്കിയായിരിക്കും തീരുമാനമെന്നാണ് സൂചന.
വി.ഡി. സതീശനും കെ. സുധാകരനും താമസിയാതെ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കും. പാര്‍ട്ടി പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.