BREAKING NEWSKERALA

ജപ്തിയിലൂടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ നിയമ നിര്‍മാണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍പ്പിടമെന്നത് മനുഷ്യന്റെ അവകാശമായി അംഗീകരിച്ച സര്‍ക്കാരാണിതെന്നും എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം കൈവരിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഒരു ഭാഗത്ത് ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കാന്‍ ശക്തമായ നിയമ നിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി ഇതു സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കുന്നതിനായി സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ കെഡിസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തി.
സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനെ നയിക്കുന്നത്. ഓരോ തീരുമാനവും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ തടസ്സമുണ്ടാകാന്‍ പാടില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഈ പദ്ധതി നിലവില്‍ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker