ENTERTAINMENTMALAYALAM

ജയസൂര്യ ഈശോയാവുന്നു; ബൈബിളിലെ ഈശോ അല്ലെന്ന് ടാഗ് ലൈന്‍

ജയസൂര്യയെയും നമിത പ്രമോദിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന മലയാളചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. വളരെ സ്‌പെഷ്യല്‍ ലുക്കിലാണ് പോസ്റ്ററില്‍ ജയസൂര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബൈബിളില്‍ ഉള്ള ഈശോ അല്ല എന്ന ടാഗ് ലൈനും പോസ്റ്റാറിനൊപ്പം ഉണ്ട്. കോവിഡ് മഹാമാരിയില്‍ തകര്‍ന്ന സിനിമ മേഖലയുടെ അവസ്ഥ സൂചിപ്പിച്ചുകൊണ്ടാണ് നാദിര്‍ഷ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
‘കോവിഡ് മഹാമാരിക്കാലത്ത് മറ്റേതൊരു തൊഴില്‍മേഖലയും പോലെ സിനിമാമേഖലയും ഇപ്പോള്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. പുറമേ കാണുന്ന പകിട്ടുള്ള ചില താരജീവിതങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒട്ടനവധിപേരുടെ ജീവിതമാര്‍ഗ്ഗമാണ് സിനിമയെന്ന തൊഴില്‍മേഖല. കോവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം മറ്റ് തൊഴില്‍ മേഖലകളെപ്പോലെ സിനിമയും സജീവമായപ്പോള്‍ ചിത്രീകരിച്ച ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ ഞങ്ങള്‍ റിലീസ് ചെയ്യുന്നത്.
എല്ലാ തൊഴില്‍ മേഖലകളെയുംപ്പോലെ സിനിമയും, തീയറ്ററുകളും എല്ലാം ഈ രണ്ടാം തരംഗത്തെ അതിജീവിച്ച് ശക്തിയായി തിരിച്ചുവരും എന്നു തന്നെയാണ് നമ്മളെല്ലാവരുടെയും പ്രതീക്ഷ…മാസ്‌ക്കണിഞ്ഞ്,സാമൂഹിക അകലം പാലിച്ച് മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം..
നമ്മുടെ നാളെകള്‍ പഴയ പോലെയാകുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കുറേപ്പേരുടെ അദ്ധ്യാനത്തിന്റെ കുഞ്ഞ് സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കുന്നു…ഞങ്ങളുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍..’ നാദിര്‍ഷ കുറിച്ചു
ഈശോ ഒരു ത്രില്ലര്‍ ചിത്രമാണ് എന്ന സൂചനകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സുനീഷ് വരനാഥാണ്. ജാക്‌സ് ബിജോയും നാദിര്‍ഷയും സംഗീത സംവിധാനം നിര്‍വ്വഹിക്കുമ്പോള്‍, ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരിയാണ്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഈശോ. ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്‍ റിലീസിനായി കാത്തിരിക്കുകയാണ്. ഉര്‍വശി, അനുശ്രീ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വെള്ളമാണ് ജയസൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഒ ടി ടി റിലീസ് ചെയ്യ്ത ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker