KERALALATEST

ജയിലില്‍ പ്രണയം… മന്ത്രി മന്ദിരത്തില്‍ വിവാഹം…

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഗൗരി അമ്മ ടിവി തോമസ് പ്രണയവും ദാമ്പത്യവും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴാണ് ഇരുവരുടേയും പ്രണയം മുറുകിയതെന്ന് ഗൗരി അമ്മ തന്നെ ഒരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുന്നപ്രവയലാര്‍ സമരനായകനായ ടി.വി. തോമസിനെ കെ.ആര്‍. ഗൗരി ആദ്യമായി കാണുന്നത് സ്വന്തം വീട്ടുമുറ്റത്തുവെച്ചാണ്. വൈകാതെ പ്രണയം പൂവിട്ടു.
1957ല്‍ ഒന്നാം ഐക്യകേരള മന്ത്രിസഭയില്‍ ഇരുവരും മന്ത്രിയായി. ഇരുവരുടെയും താത്പര്യമറിഞ്ഞ് തൊട്ടടുത്തുള്ള മന്ദിരം നല്‍കി. സാനഡുവില്‍ ഗൗരിയും റോസ് ഹൗസില്‍ ടി.വി.യും. ഇരുവീടിനുമിടയില്‍ ഒരു ചെറുവഴിയും. പ്രണയം മൂത്തതറിഞ്ഞ് പാര്‍ട്ടി മുന്‍കൈയെടുത്ത് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍വെച്ച് വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റില്‍ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരു കാറില്‍ ഒരുവീട്ടിലേക്ക്..
പലതരത്തില്‍, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തര്‍ക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധം പിളര്‍പ്പില്ലാതെ തുടര്‍ന്നു. 1964ല്‍ ഇരുവരും പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത പാര്‍ട്ടിയിലായി. 1967ല്‍ രണ്ടുപാര്‍ട്ടിയും ഒരുമിച്ചുള്ള മന്ത്രിസഭയില്‍ ചേരാന്‍ ആലപ്പുഴയിലെ വീട്ടില്‍നിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത്. പക്ഷേ, സി.പി.ഐ-സി.പി.എം. പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളല്‍ വര്‍ധിച്ചു. മറ്റുചില വിയോജിപ്പുകളും കൂടിയായതോടെ അകല്‍ച്ച പൂര്‍ണമായി. പക്ഷേ, ഇരുവരും തമ്മിലുള്ള അഗാധ പ്രണയത്തിന്റെ കിളിവാതില്‍ ഒരിക്കലും അടഞ്ഞില്ല.
ഗൗരിയമ്മ ടി വിയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ…
തടവറക്കാലത്ത് ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില്‍ ചുരുട്ടിയെറിഞ്ഞാണ് പ്രേമലേഖനം കൈമാറിയിരുന്നത്. പിന്നീട് ചില കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ കല്ല്യാണം വേണ്ടെന്നു പറഞ്ഞു. പക്ഷെ പാര്‍ട്ടി ഇടപെട്ട് നിര്‍ബന്ധിച്ച് കല്ല്യാണം നടത്തി. ഒത്തിരി വേദനയും ഇത്തിരി സന്തോഷവും തന്ന ബന്ധമായിരുന്നു അത്.
ദാമ്പത്യം തകര്‍ന്നതില്‍ ടിവി തോമസിന്റെ സുഹൃത്തുകള്‍ക്കും പങ്കുണ്ട്. ആലപ്പുഴയില്‍ നിന്ന് സിപിഎം മന്ത്രിമാരാകാനായിട്ടാണ് ഞാനും ടി.വിയും ഒരേ വണ്ടിയില്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. അവിടെ ചെന്നപ്പോള്‍ എംഎന്‍, ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരികെ വന്നപ്പോള്‍ അയാള്‍ മറുപക്ഷം ചാടി. ഒരിക്കല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ആലപ്പുഴയിലെ ഒരു സ്ത്രീയുമായി ടി.വി വന്നു. ഇതേച്ചൊല്ലിയുള്ള വഴക്കില്‍ നിന്നായിരുന്നു അകല്‍ച്ചയുടെ തുടക്കം.
പിരിയേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. ഞാന്‍ അല്‍പം വിധേയയാകേണ്ടതായിരുന്നുവോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.
കല്ല്യാണം കഴിഞ്ഞ് ടിവിക്ക് അങ്ങോട്ട് ചെലവിന് കൊടുത്തിട്ടുള്ളതല്ലാതെ അയാള്‍ എനിക്കൊന്നും ചെയ്തിട്ടില്ല. ആദ്യമന്ത്രിസഭയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ടി.വി തോറ്റു. ചെലവിന് കാശില്ലായിരുന്നു. മാസം 120 രൂപ വീതം ചെലവിന് കൊടുത്തു. കള്ള് വരുത്തിക്കൊടുക്കും. അല്ലെങ്കില്‍ പുറത്തുപോയി വിലകൂടിയത് കുടിക്കും. വില്‍സ് സിഗരറ്റും ബീഡിയും ഇതിന് പുറമേ. അതിന് പന്ത്രണ്ട് രൂപ കൊടുക്കും.
ടി.വി കാന്‍സര്‍ ബാധിതനായി ബോംബെ ടാറ്റ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ കാണാന്‍ പോകണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി രണ്ടായി പിരിഞ്ഞിരിക്കുകയല്ലേ, പോകേണ്ട എന്നാണ് പറഞ്ഞത്. അവസാനം പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് രണ്ടാഴ്ചത്തേക്ക് പോകാന്‍ അനുമതി തന്നു. ഞാന്‍ മടങ്ങിപ്പോരുമ്പോള്‍ ടി.വി കരഞ്ഞു. എനിക്ക് കരച്ചില്‍ വന്നില്ല. പിന്നീട് കാണുന്നത് മരിച്ചുകഴിഞ്ഞ് മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരുമ്പോഴാണ്. അപ്പോഴും എനിക്ക് കരച്ചില്‍ ഉണ്ടായില്ല. പക്ഷെ ഉള്ളില്‍ ദുഃഖമുണ്ടായിരുന്നു. ‘

Related Articles

Back to top button