തൃശൂര്‍: ജയിലില്‍ നിരാഹാര സമരം മാവോയിസ്റ്റ് നേതാവ് സോമന്റെ ആരോഗ്യസ്ഥിതി മോശമായി. പിന്നാലെ തൃശൂരിലെ അതിരസുരക്ഷാ ജയിലില്‍ നിന്ന് സോമനെ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി. നിരാഹാര സമരത്തിന് പിന്നാലെ നെഞ്ചുവേദനയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായത്. വെള്ളിയാഴ്ച രാത്രിയിലാണ് സോമനെ ആശുപത്രിയിലെത്തിച്ചത്.
20 അംഗ സായുധ സേനാംഗങ്ങളുടെ അകമ്പടിയിലാണ് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. യന്ത്രതോക്കുകളുമായി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പൊലീസിനെ കണ്ട് രോഗികളും കൂട്ടിരിപ്പുക്കാരും ഭയന്നു. മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സോമനെ പരിശോധിച്ച് ചികിത്സ നല്‍കിയതിന് ശേഷം ശനിയാഴ്ച ഉച്ചയോടെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. വിവിധ കേസുകളില്‍ പ്രതിയായ ഇയാളെ മറ്റ് കോടതികളില്‍ കൊണ്ടു പോയി തിരികെ കൊണ്ടുവരുമ്പോള്‍ അനാവാശ്യ ദേഹപരിശോധനകള്‍ നടത്തുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ജയിലില്‍ നിരാഹാരം കിടന്നത്.
മറ്റൊരു മാവോവാദിയായ രൂപേഷിന് അനുകൂലമായ വിധി കോടതിയില്‍ നിന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് സോമന്‍ സമരം ആരംഭിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് തീവ്രവാദ വിരുദ്ധ സേന മാവോയിസ്റ്റ് സോമനെ പിടികൂടിയത്. കല്‍പ്പറ്റ സ്വദേശി സോമന്‍ മാവോയിസ്റ്റ് നാടുകാണി ദളം കമാന്‍ഡന്റാണ്. 2012 മുതല്‍ പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.
50 Less than a minute