BREAKING NEWSLATEST

ജയ അനില്‍: ചായക്കൂട്ടിന്റെ സഹയാത്രിക

സീന തച്ചങ്ങാട്
പിറവി കൊള്ളാന്‍ ത്രസിക്കുന്ന പ്രതിഭയുടെ ജീവബിന്ദുക്കള്‍ ഒരാളില്‍ ലീനമായുണ്ടെങ്കില്‍ ഏതു പ്രതികൂല സാഹചര്യത്തിലുമത് മുള പൊട്ടി പ്രഫുല്ലമാകുക തന്നെ ചെയ്യും. ചായക്കൂട്ടിന്റെ ചാരു ഭംഗിയുടെ വിസ്മയാ വിഷ്‌ക്കാരത്തിലേക്ക് ജയാ അനില്‍ എന്ന അനന്യ കലാകാരിയെ എത്തിച്ചത് ഈ നൈസര്‍ഗിക ചോദനയും സര്‍ഗാത്മക മേഖലയോടുള്ള അദമ്യമായ പ്രണയവുമായിരുന്നു . ബാല്യത്തില്‍ തുടങ്ങിയ കലാ കൗതുകം പ്രായത്തിലോ അനുഗുണമല്ലാത്ത സാഹചര്യത്തിലോ വാടാതെ ഇപ്പോഴും കൂട്ടിനുണ്ട് ജയയ്ക്ക്. ഇലക്ട്രിക് വയറുകള്‍ക്കുള്ളിലെ പൊട്ടിയ കമ്പിയുപയോഗിച്ച് കമ്മലുകളുണ്ടാക്കി അയല്‍വക്കത്തെ കുട്ടികളെ അണിയിക്കാന്‍ കാണിച്ച മിടുക്ക് ഇന്ന് കലാവിഷ്‌ക്കാരങ്ങളുടെ സൗന്ദര്യാത്മക വൈവിധ്യങ്ങളിലൂടെ വിസ്മയാനുഭവ പ്രവാഹം സൃഷ്ടിക്കുകയാണ്.. പൊട്ടിയ സ്ലീപ്പറുപയോഗിച്ച് പാവകളെ നിര്‍മ്മിച്ച പെണ്‍കുട്ടിയില്‍ നിന്നും ജയ വളര്‍ന്നത് കലയില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കലാകാരിയായിട്ടു തന്നെയാണ്.
1980 മാര്‍ച്ച് 6 ന് കൊട്ടാരക്കരയില്‍ തേവലപ്പുറം ഗ്രാമത്തില്‍ ലളിതാ ഭായി അമ്മയുടെയും ബാലകൃഷ്ണ പിള്ളയുടെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളായി ജനിച്ച ജയ അനില്‍ എന്ന കലാകാരിയുടെ തുടക്കം വീട്ടുകാരുടെ അതിരു കവിഞ്ഞ പ്രോത്സാഹനത്തില്‍ നിന്നൊന്നുമായിരുന്നില്ല. കുടുംബ പശ്ചാത്തലത്തില്‍ ഒരു മുന്‍കാല മാതൃകയൊന്നുമില്ലാത്തതു കൊണ്ട് ജയയുടെ കഴിവുകള്‍ ‘ കാട്ടിക്കൂട്ടലുകളായി ‘ പരിഗണിക്കപ്പെട്ടു പോന്നു. എല്ലാം അടച്ചു പൂട്ടി വെറുതെയിരിക്കാനല്ല ജയ ശ്രമിച്ചത്. സ്വന്തം കഴിവും വഴിയും തിരിച്ചറിയാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനുമുള്ള തന്റേടം ജയയിലുണ്ടായിരുന്നു. ബാല്യത്തിലെപ്പോഴോ ചിത്രം വരയും തുടങ്ങിയിരുന്നു. പേന കൊണ്ട് തീര്‍ത്ത ചിത്ര ലോകം, പഠിക്കുന്ന പുസ്തകത്തിന്റെ പേജുകളിലും ബുക്കുകളിലും ജയയിലെ ചിത്രകാരിയെ ഒതുക്കാന്‍ അനുവദിച്ചില്ല.
അരീക്കല്‍ സ്‌കൂളിലും വെണ്ടാര്‍ ശ്രീവിദ്യാധിരാജയിലുമായി പന്ത്രണ്ടാം ക്ലാസ്സുവരെ പഠിച്ച ജയയ്ക്ക് തുടര്‍ പഠനം അപ്രതീക്ഷിതമായൊരു വഴിത്തിരിവിലൂടെയായിന്നു. വി.എച്ച്. എസി പഠനകാലത്ത് എന്തോ പൊതിഞ്ഞു കൊണ്ടു വന്ന പത്രക്കടലാസ്സില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിന്റെ ചിത്രവും വാര്‍ത്തയും കാണാനിടയാക്കിയത് തന്നെ കലാലയ ലോകത്തേക്കെത്തിച്ചു എന്നത് ജയ അഭിമാനത്തോടെ ഓര്‍ക്കുന്നു. തിരുവനന്തപുരത്തെ നാലു വര്‍ഷ പഠനത്തിന് ശേഷം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍
നിന്നും അപ്ലൈഡ് ആര്‍ട്ടില്‍ ബിരുദം നേടി.2003 മാര്‍ച്ചില്‍ കലാലയത്തില്‍ നിന്നും വീട്ടകത്തിലേക്ക്.
വെണ്ടാര്‍ ശ്രീ വിദ്യാധിരാജ ടി ടി സി യില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു ദുബായ് ആനിമേഷന്‍ ആര്‍ട്ടില്‍ വീഡിയോ എഡിറ്റര്‍ ആയിരുന്ന അനില്‍ കുമാറുമായുള്ള വിവാഹം. ദുബായ് ഡാഫൂസ് ഫയര്‍ പ്രൊട്ടക്ഷനില്‍ മെയിന്റന്‍സ് സപ്പോര്‍ട്ടായും ജയ വര്‍ക്ക് ചെയ്തിട്ടുണ്ട്.
കലാ വസ്തുക്കളുണ്ടാക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന ജയ തന്റെ കഴിവുകളതില്‍ മാത്രമൊതുങ്ങുന്നതല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കവിതകളും ചെറുകഥ കളുമെഴുതാന്‍ തുടങ്ങിയത്. എഴുത്തു ലോകവും ജയയുടെ പരീക്ഷണങ്ങള്‍ക്ക് നിന്നു കൊടുത്തു. കൈ തൊട്ടിടങ്ങളിലെല്ലാം മുദ്ര പതിപ്പിച്ച ജയയുടെ വരികള്‍ കാവ്യ മാലിക എന്ന കവിതാ സമാഹാരത്തില്‍ കവിതകളായി പിറന്നു. വര കൊണ്ടും വാക്കു കൊണ്ടും ജയ എന്ന കലാ കാരി വരച്ചു വെക്കുന്നത് ജീവിതത്തിന്റെ പുനരാവിഷ്‌കാരം തന്നെയാണ്.
ഇപ്പോള്‍ ചവറയില്‍ പഴഞ്ഞിക്കാവില്‍ താമസിക്കുന്ന ജയയ്ക്ക് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തന്നോടൊപ്പം ചാനല്‍ വീഡിയോകള്‍ എഡിറ്റ് ചെയ്ത് സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവ് അനില്‍ കുമാറും എന്തിനും അമ്മയുടെ കൂടെ കട്ടയ്ക്ക് നില്‍ക്കുന്ന ഒന്‍പതാം ക്ലാസുകാരന്‍ നിരഞ്ജന്‍, ആറാം ക്ലാസുകാരി കൃഷ്ണ പ്രിയ എന്നീ മക്കളുമുണ്ട്. കുടുംബത്തിന്റെ പിന്തുണയോടെ അതിലുപരി ആവേശത്തോടെ കലയേയും കവിതയേയും കൈവിടാതെ ചേര്‍ത്തു പിടിക്കുകയാണ് ജയ.
പെന്‍സില്‍, ഓയില്‍, അക്രിലിക് എന്നീ ചിത്രരചനാ സങ്കേതങ്ങളെല്ലാം നന്നായി വഴങ്ങുന്ന ഈ അനുഗ്രഹീത ചിത്രകാരിക്ക് വരയിടങ്ങള്‍ ക്യാന്‍വാസും കടലാസും മാത്രമായിരുന്നില്ല. ഉപയോഗ ശൂന്യമെന്നു പറഞ്ഞു വലിച്ചെറിയുന്ന കുപ്പികളില്‍ പോലും ജയ കലാ വിഷ്‌ക്കാരങ്ങളുടെ അപൂര്‍വ്വ ത സൃഷ്ടിക്കുന്നു.. അഭംഗിയില്‍ ഭംഗി തീര്‍ക്കുന്ന അസാമാന്യത ഈ ചിത്രകാരിയുടേതു കൂടിയാണ്. ഇതിലും അവസാനിക്കുന്നില്ല ജയയുടെ സര്‍ഗ സഞ്ചാരം ; കളര്‍ ട്യൂണ്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ ജയ എന്ന കലാകാരി പുതുമകളുമായി പുതിയ പരീക്ഷണങ്ങളുടെ പാതയില്‍ ഇപ്പോഴും യാത്ര തുടരുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker