മുംബൈ: ഹോട്ടല്‍ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയെന്ന കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി. ഈ കേസില്‍ ഛോട്ടാ രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. എന്നാല്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ ഛോട്ടാ രാജന് ഇപ്പോള്‍ പുറത്തിറങ്ങാനാവില്ല.
2001ലാണ് ജയ ഷെട്ടി കൊല്ലപ്പെട്ടത്. ഈ കേസില്‍ പ്രത്യേക കോടതി ഛോട്ടാ രാജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനെതിരെ രാജന്‍ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. തുടര്‍ന്നാണ് കോടതി വിധി.
സെന്‍ട്രല്‍ മുംബൈയിലെ ഗാംദേവിയില്‍ ഗോള്‍ഡന്‍ ക്രൗണ്‍ എന്ന ഹോട്ടലിന്റെ ഉടമയായിരുന്നു ജയ ഷെട്ടി. 2001 മെയ് 4 ന് ഹോട്ടലിന്റെ ഒന്നാം നിലയില്‍ വച്ച് വെടിയേറ്റാണ് മരിച്ചത്. ഛോട്ടാ രാജന്റെ സംഘത്തിലെ രണ്ട് പേരാണ് കൊലപാതകം നടത്തിയെതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഛോട്ടാ രാജന്റെ സംഘത്തിലെ അംഗമായ ഹേമന്ത് പൂജാരി പണം ആവശ്യപ്പെട്ട് ജയ ഷെട്ടിയെ ബന്ധപ്പെട്ടിരുന്നുവെന്നും നല്‍കാത്തതിലുള്ള വൈരാഗ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകന്‍ ജെ ഡേയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രാജന്‍ നിലവില്‍ ദില്ലിയിലെ തിഹാര്‍ ജയിലിലാണ്. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് അറസ്റ്റിലായത്. ട്രേഡ് യൂണിയന്‍ നേതാവ് ഡോ.ദത്ത സാമന്തിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഛോട്ടാ രാജനെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഛോട്ടാ രാജനെ കുറ്റവിമുക്തനാക്കിയത്.
63 1 minute read