KERALALATEST

ജലീല്‍ നടത്തിയത് പ്രതിഷേധാര്‍ഹമായ പരാമര്‍ശം; പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമെന്ന് വി ഡി സതീശന്‍

പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീരെന്നും, ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച മുന്‍മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജലീല്‍ നടത്തിയത് പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ്. ജമ്മു കശ്മീരിനെ സ്വതന്ത്ര കശ്മീരെന്ന് കെ ടി ജലീല്‍ വിളിച്ചത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാകിസ്ഥാന്‍ നയതന്ത്രവേദികളില്‍ ഉപയോഗിക്കുന്ന വാക്കാണ് ആസാദ് കശ്മീര്‍. ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം നയതന്ത്രവേദികളില്‍ ഉപയോഗിക്കുന്നത് പാക് അധീന കശ്മീര്‍ എന്നാണ്. നമ്മുടെ കശ്മീരിനെയാണ് ജലീല്‍ ഇന്ത്യന്‍ അധീന കശ്മീര്‍ എന്നു വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ നയതന്ത്ര വേദികളില്‍ ഉന്നയിക്കുന്ന വാദമാണ് ജലീലും നടത്തിയിട്ടുള്ളത്.

ഒരു ഇന്ത്യാക്കാരനും ഉപയോഗിക്കാത്ത വാക്കാണ് ജലീലില്‍ നിന്നും ഉണ്ടായത്. ദേശതാല്‍പ്പര്യത്തിന് വിരുദ്ധമായ പ്രയോഗമാണിത്. നമ്മുടെ കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് എങ്ങനെ ഒരു ഇന്ത്യാക്കാരന് വിളിക്കാന്‍ പറ്റുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ജലീല്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം. സിപിഎമ്മിന്റെയോ, മുഖ്യമന്ത്രിയുടെയോ അറിവോടെയാണോ കെ ടി ജലീലിന്റെ പരാമര്‍ശമെന്ന് അവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker