തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളില്‍ ജല അതോറിറ്റിയുടെ കുഴിയെടുപ്പിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി തയ്യാറാക്കിയ ‘സുഗമ’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ റോഡുകുഴിക്കല്‍ അനുവദിക്കില്ല.
അടിയന്തര ജോലികളുടെ അനുമതിക്ക് പോര്‍ട്ടലില്‍ പ്രത്യേക സൗകര്യമുണ്ട്. ജനങ്ങള്‍ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ് കുഴിക്കല്‍ തടയാനും തദ്ദേശവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വകുപ്പുകള്തമ്മിലെ ഏകോപനമില്ലായ്മയുണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഇത്തരമൊരു നടപടി.
പൈപ്പിടലിന് റോഡുകള്‍ കുഴിക്കുന്നതും പണി തീര്‍ക്കുന്നതുമായ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുഗമയില്‍ നല്‍കണം. റോഡ് കുഴിക്കുന്നതെപ്പോള്, പണിതീര്ക്കുന്നതെപ്പോള്, എസ്റ്റിമേറ്റ്, റീ ടാര്‍ചെയ്ത് പൂര്‍ത്തീകരിച്ച റോഡിന്റെ ബാധ്യതാസമയപരിധി തുടങ്ങിയ വിവരങ്ങളും സുഗമയില്‍ ചേര്‍ക്കണം. ഇത് രേഖപ്പെടുത്തിയ ബോര്‍ഡ് നിര്‍മാണസ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
കുഴിക്കുന്ന റോഡുകളുടെ നിര്‍മാണത്തിന് ആവശ്യമായ തുകയുടെ 10 ശതമാനം നേരത്തേ കെട്ടിവെക്കണം. പൈപ്പുപൊട്ടല്‍, ചോര്‍ച്ച പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ സെക്യൂരിറ്റി നിക്ഷേപം ആവശ്യമില്ല. നന്നാക്കിയ റോഡുകള്‍ക്ക് ഒരുവര്‍ഷമാണ് അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കാലാവധി. പൈപ്പിടുന്ന ജോലികള്‍ കരാറുകാരുടെമാത്രം ഉത്തരവാദിത്വമാക്കാതെ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. സാധനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കണം. റോഡുകുഴിക്കാനും നന്നാക്കാനും അളവുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു.
തദ്ദേശവകുപ്പ് എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ശേഷമാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. സംയുക്ത പരിശോധനയിലൂടെ വേണം അലൈന്മെന്റ് നിശ്ചയിക്കാന്‍.