BREAKING NEWSKERALA

ജവാന്‍ റം ഉണ്ടാക്കാന്‍ കൊണ്ടുവന്ന 20,000 ലിറ്റര്‍ സ്പിരിറ്റ് കാണാനില്ല

പുളിക്കീഴ് (തിരുവല്ല): പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട്. 20,000 ലിറ്ററിന്റെ വ്യത്യാസമുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍. മധ്യപ്രദേശിലെ ബര്‍വാഹ എന്ന സ്ഥലത്തുള്ള അസോസിയേറ്റഡ് ആല്‍ക്കഹോള്‍ കമ്പനിയില്‍നിന്നുമാണ് മൂന്ന് ടാങ്കര്‍ ലോറികളിലായി സ്പിരിറ്റ് എത്തിയത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്.
ജവാന്‍ റം നിര്‍മിക്കുന്നത് ഇവിടെയാണ്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള അതിര്‍ത്തി കടന്നതുമുതല്‍ വാഹനങ്ങളെ ഉദ്യോഗസ്ഥസംഘം പിന്തുടര്‍ന്നു. ഫാക്ടറി വളപ്പിലേക്ക് ബുധനാഴ്ച പുലര്‍ച്ചെ ആറരയോടെ മൂന്ന് ടാങ്കറുകളും കടന്നതോടെ പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം വാഹനത്തെ വളഞ്ഞു പരിശോധന നടത്തി. ഡ്രൈവര്‍മാര്‍ രഹസ്യമായി രണ്ട് വാഹനങ്ങളിലായി സൂക്ഷിച്ച കണക്കില്‍പെടാത്ത 10 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് എത്തുന്ന സ്പിരിറ്റിന്റെ കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ജീവനക്കാരന് കൈമാറാനായി എത്തിച്ച പണമാണിതെന്ന് ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതായാണ് അറിയുന്നത്. തുടര്‍ന്ന് വാഹനങ്ങളിലെ രേഖപ്രകാരമുള്ള സ്പിരിറ്റിന്റെ അളവ് കണ്ടെത്താനായി 40,000 ലിറ്റര്‍ ശേഷിയുള്ള രണ്ട് ടാങ്കറും, 35,000 ലിറ്റര്‍ ശേഷിയുള്ള ഒരു ടാങ്കറും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഭാരപരിശോധന നടത്തി. അപ്പോഴാണ് 20,000 ലിറ്ററിന്റെ വ്യത്യാസമുള്ളതായി സൂചന കിട്ടിയത്. 1.15 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത് എറണാകുളത്തെ വിതരണ കമ്പനിയാണ്. ഈ കമ്പനിയുടെ കരാര്‍ പ്രകാരമുള്ള അവസാന ലോഡുകളാണ് ബുധനാഴ്ച രാവിലെ പുളിക്കീഴ് കൊണ്ടുവന്നത്. എക്‌സൈസ് സംഘം ടാങ്കറുകള്‍ കസ്റ്റഡിയിലെടുത്തു. ഇവിടെയുള്ള ജീവനക്കാരെയെല്ലാം സംഘം ചോദ്യംചെയ്തു.
തട്ടിപ്പ് രണ്ട് വിധത്തില്‍ നടന്നിരിക്കാനുള്ള സാധ്യതയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കേരളത്തില്‍ എത്തുന്നതിന് മുന്‍പേ ചോര്‍ത്തി വില്‍ക്കുക. അളവില്‍ കുറച്ച് സാധനം എത്തിച്ചശേഷം, ഫാക്ടറിയിലെ ജീവനക്കാരുടെ സഹായത്തോടെ മുഴുവന്‍ അളവിലും എത്തിയെന്ന് തെറ്റായി സാക്ഷ്യപ്പെടുത്തുക. ഇതിനായി ഇവിടെയുള്ള ജീവനക്കാര്‍ക്ക് കൈക്കൂലി കൊടുക്കുക. ഈ രണ്ട് സാധ്യതകളാണ് അന്വേഷിക്കുന്നത്.
ഉന്നത അധികാരികളുടെയും അറിവോടെയല്ലാതെ ഇത്തരം തട്ടിപ്പ് നടത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ഇതേ രീതിയില്‍ മുന്‍പും സമാനമായി തട്ടിപ്പ് നടന്നതായാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. പരിശോധന പുരോഗമിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker