ന്യൂഡല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥയുടെ താളം തെറ്റിച്ച കൊവിഡ് 19 മഹാമാരിയ്ക്കു ശേഷം അടുത്ത മഹാമാരിയെപ്പറ്റി പ്രവചനവുമായി ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരിയുടെ ഉറവിടം പ്രാണികളില്‍ നിന്നാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
സിക്ക വൈറസ്, ഡെങ്കു തുടങ്ങി കൊതുകിലൂടെ പകരുന്ന രോഗങ്ങള്‍ അടുത്ത മഹാമാരിയായി മാറാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. നിലവില്‍ ലോകത്ത് 390 കോടിയോളം ജനങ്ങള്‍ ജീവിക്കുന്ന ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സിക്ക വൈറസ്, ഡെങ്കിപ്പനി, യെല്ലോ ഫീവര്‍, ചിക്കുന്‍ഗുനിയ തുടങ്ങിയവ വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവയില്‍ പല രോഗങ്ങളും ഈഡിസ് കൊതുകുകളാണ് പരത്തുന്നത്. ചെറിയ ഇടവേളകളില്‍ ലോകത്ത് പല ഭാഗങ്ങളിലും ഈ വൈറസുകള്‍ മനുഷ്യരില്‍ പടര്‍ന്നു പിടിക്കുന്നുണ്ടെന്നും പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക ഘടകങ്ങളുടെ സ്വാധീനം മൂലം ഇതിന്റെ ഇടവേള കുറഞ്ഞിട്ടുണ്ടെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രതിവര്‍ഷം 130 രാജ്യങ്ങളിലായി 39 കോടിയിലധികം ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഡെങ്കിപ്പനി നിലവില്‍ ഒരു എന്‍ഡമിക് മാത്രമാണ്. എന്നാല്‍ 2016ല്‍ പടര്‍ന്നു പിടിച്ച സിക്ക വൈറസ് ഗര്‍ഭസ്ഥ ശിശുക്കളില്‍ അടക്കം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതുവരെ 89 രാജ്യങ്ങളിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതുവരെ 40 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുള്ള യെല്ലോ ഫീവര്‍ കടുത്ത പനിയ്ക്കും മഞ്ഞപ്പിത്തത്തിനും മരണത്തിനും വരെ കാരണമാകാം. കടുത്ത ശരീരവേദനയ്ക്ക് അടക്കം കാരണമാകുന്ന ചിക്കുന്‍ഗുനിയും 115 രാജ്യങ്ങളില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പ്രതിവര്‍ഷം കേരളത്തിലും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും ഈ രോഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചു വരികയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
വവ്വാലുകളിലും പന്നികളിലും കണ്ടുവരുന്ന കൊറോണ വൈറസ് മനുഷ്യരില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷി നേടിയതു പോലെ ഭാവിയില്‍ ഈ വൈറസുകള്‍ക്കും തീവ്രവ്യാപന ശേഷി കൈവരുമോ എന്നാണ് ഗവേഷകര്‍ ഉറ്റുനോക്കുന്നത്. അടുത്ത മഹാമാരിയാകാന്‍ സാധ്യത കല്പ്പിക്കുന്നവയില് ഏറ്റവും മുന്‍നിരയിലുള്ളത് മേല്‍പ്പറഞ്ഞ ആര്ബോവൈറസുകളാണ്.
കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച ആഘാതത്തെപ്പറ്റി വ്യക്തതയുള്ളതിനാല്‍ ഗുരുതര സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ആഗോള പകര്‍ച്ചവ്യാധി പ്രതിരോധ സംഘത്തിന്റെ ഡയറക്ടര്‍ ഡോ. സില്‍വി ബ്രയാന്‍ഡ് പറഞ്ഞു. 2003ല്‍ സാര്‍സ് പടര്‍ന്നു പിടിക്കുകയും 2009ല്‍ ഇന്‍ഫ്ലൂവെന്‍സ മഹാമാരിയുണ്ടാകുകയും ചെയ്തെങ്കിലും കൊവിഡിനു മുന്‍പു സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളില്‍ പാളിച്ചയുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മഹാമാരി മുന്നില്‍ക്കണ്ട് നിലവിലുള്ള സങ്കേതങ്ങളുടെ ലഭ്യതയും ശേഷിയും പരിശോധിക്കണമെന്നും മുന്നൊരുക്കങ്ങള്‍ ശക്തമാക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാംസ് തലവന്‍ ഡോ. മൈക്ക് റയാന്‍സ് ആവശ്യപ്പെട്ടു. ആര്‍ബോവൈറസുകള്‍ നിലവില്‍ കൂടുതല്‍ പേരിലേയ്ക്ക് പടരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെ ജനസംഖ്യ കൂടുന്ന സാഹചര്യത്തില്‍ ഈ രോഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.